തൃശൂര്‍: പാണഞ്ചേരി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കാന്‍ ഹരിത കര്‍മ്മ സേനയ്ക്ക് ഇനി സ്വന്തം ഇ- ഓട്ടോ. പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിനായി 2020 – 21 വര്‍ഷത്തില്‍ തയ്യാറാക്കിയ ക്ലീന്‍ പാണഞ്ചേരി പദ്ധതിയുടെ ഭാഗമായാണ് ഇ-ഓട്ടോ ലഭിച്ചത്. കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഫണ്ടും സ്വച്ഛ് ഭാരത മിഷന്‍ ഫണ്ടും ഉപയോഗിച്ച് ഏകദേശം 25 ലക്ഷം രൂപ വകയിരുത്തിയാണ് ഇ-ഓട്ടോ സ്വന്തമാക്കിയത്. ഇതിന് പുറമെ മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും പദ്ധതി ലക്ഷ്യമിട്ടിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി വാസുദേവനാണ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍. 32 ഹരിത കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയ്ക്ക് സ്വന്തമായി വാഹനം ലഭിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി പി ശശീന്ദ്രന്‍ പറഞ്ഞു.