*മലബാര്‍ ടൂറിസം മുഖ്യപ്രമേയമാകും

കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പത്താമത് കേരള ട്രാവല്‍ മാര്‍ട്ടിന് സെപ്തംബര്‍ 27 ന് ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാട്ടില്‍ തുടക്കമെന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  മുഖ്യപ്രമേയം  മലബാര്‍ ടൂറിസത്തിന്റെ പ്രചാരണം ആയിരിക്കും.സെപ്തംബര്‍ 28 മുതല്‍ 30 വരെ ബയര്‍ സെല്ലര്‍ മീറ്റ് നടക്കും.വിദഗ്ധര്‍ പങ്കെടുക്കുന്ന നാലു സെമിനാറുകളുമുണ്ട്. കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ആന്‍ഡ് സാഗരാ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ നടക്കുന്നത്.
350 അന്താരാഷ്ട്ര ബയര്‍മാരും 890 തദ്ദേശ ബയര്‍മാരും പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.  അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളെക്കൂടാതെ മറ്റു അയല്‍രാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷം ബയര്‍മാര്‍ പങ്കെടുക്കും.
സേവനങ്ങളും വൈവിധ്യ ഉല്‍പ്പന്നങ്ങളും പാക്കേജുകളും അവതരിപ്പിക്കുന്ന 300 സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.  രജിസ്‌ട്രേഷന്‍ ജൂലൈ 28 ന് അവസാനിക്കും.  പൊതുസ്വകാര്യ  പങ്കാളിത്തമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം.  ടൂര്‍ ഓപ്പറേറ്റര്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ്‌ബോട്ട്, ആയുര്‍വേദ റിസോര്‍ട്ട്, സാംസ്‌കാരിക കലാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുളള മുഖ്യ പങ്കാളികള്‍ക്ക് ലോകത്തെമ്പാടുമുളള ബയര്‍മാരോടൊപ്പം ഫലവത്തായ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനുമുളള അവസരങ്ങള്‍ ലഭ്യമാകും.മഴവെളള സംഭരണം,  പ്ലസ്റ്റിക് ഉപയോഗ ലഘൂകരണം, ഹരിതാഭ വര്‍ദ്ധിപ്പിക്കല്‍ എന്നിവയും ഈ വര്‍ഷം പരിഗണനയിലുണ്ട്.
വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.  വടക്കന്‍ കേരളത്തിലെ ഒമ്പത് നദികളെ ലക്ഷ്യമാക്കി മലബാര്‍ റിവര്‍ ക്രൂയിസ് എന്ന പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.  ഈ പദ്ധതിക്കായി സര്‍ക്കാര്‍ 53.5 കോടി രൂപ അനുവദിച്ചു.  ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍  ആരംഭിച്ചതായും മന്ത്രി പറഞ്ഞു.  കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, കെ. ടി. ഡി. സി. എം. ഡി. രാഹുല്‍ ആര്‍,  കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജോസ് പ്രദീപ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.