എറണാകുളം : ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ജനജീവിതം ദുസ്സഹമാക്കുന്നു എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി പ്രകാരം വൈപ്പിൻ നിയോജക മണ്ഡലത്തിൽ നടത്തുന്ന ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഫോസിൽ ഇന്ധനങ്ങൾ ആഗോളതാപനം വർദ്ധപ്പിക്കുന്നതിന് കാരണമാകുകയും അസാധാരണ കാലാവസ്ഥ വ്യതിയാനത്തിന് വഴിതെളിക്കുകയും ചെയ്തു . വയനാട്ടിലെ മീനങ്ങാടിയിൽ നടപ്പാക്കിയ കാർബൺ ന്യൂട്രൽ പദ്ധതി ലോകത്തിന് വഴികാട്ടിയായി. സ്‌കോട്ട്‌ലൻഡിൽ സമാപിച്ച ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയിൽ ഉയർന്ന ഹരിത നിക്ഷേപം വേണമെന്ന ചർച്ചയുടെ ചുവടുപിടിച്ച് മീനങ്ങാടി പഞ്ചായത്ത് മാതൃക രാജ്യത്ത് വ്യാപിപ്പിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളലും സ്വാംശീകരണവും തുല്യമാക്കുന്നതിന് മരങ്ങൾ നട്ടുപിടിപ്പിക്കുന്ന കാർബൺ ന്യൂട്രൽ പദ്ധതിക്ക് 2016ൽ ആണ് സർക്കാരും മീനങ്ങാടി പഞ്ചായത്തും തുടക്കമിട്ടത്. ജനകീയ പങ്കാളിത്തത്തോടെ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
അസാധാരണ കാലാവസ്ഥ വ്യതിയാനം വൈപ്പിൻകരയിലെ തനത് തൊഴിൽ മേഖല താറുമാറാക്കി. കാലവർഷ ദുരിതങ്ങൾ സ്ഥിര സംഭവമാകുന്നത് രൂക്ഷ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായാണ് കാണുന്നത്. കാലാവസ്ഥ ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് അവയെ നേരിടാൻ ആസൂത്രിതമായ പദ്ധതികൾക്ക് ശിൽപശാലയിൽ തുടക്കം കുറിക്കണം. കാലാവസ്ഥ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി പഠിക്കുകയും വിലയിരുത്തുകയും ചെയ്ത് വികസന- രക്ഷാ പ്രവർത്തന മാർഗരേവ തയാറാക്കണം. വൈപ്പിൻകരയിലെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനായി സവിശേഷ ഭൂപ്രകൃതി പരിഗണിച്ചുള്ള വികസന പദ്ധതികൾക്കുള്ള ആശയ- നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പുതിയ വൈപ്പിൻകര സൃഷ്ടിക്കണമന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭവും വേലിയേറ്റവും മൂലം വൈപ്പിൻ ദ്വീപിന്റെ നിലനിൽപ്പ് കണക്കിലെടുത്താണ് ത്രിദിന ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. വിദഗ്ദ്ധ അഭിപ്രായവും പരമ്പരാഗതമായ നാട്ടറിവുകളും , ചർച്ചകളിലെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തി വൈപ്പിൻ കരയ്ക്കായി മാസ്റ്റർ പ്ലാൻ തയാറാക്കാനാണ് ശിൽപശാല ലക്ഷ്യമിടുന്നത്.
കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ ഓഗസ്റ്റിൻ ഹാളിൽ നടക്കുന്ന ശില്പശാല 16 ന് സമാപിക്കും.
കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, വെപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, മുൻ എംഎൽഎ എസ്. ശർമ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ജി ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ എം.ബി ഷൈനി, എൽസി ജോർജ്ജ്, കാർഷിക സർവ്വകലാശാല റിട്ട. ഡീൻ ഡോ. കെ.എസ് പുരുഷൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഡോ. കെ.കെ ജോഷി, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീദേവി കെ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.