എറണാകുളം : വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റ് 2021ന്റെ ലോഗോ പ്രകാശനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. വൈപ്പിൻ മണ്ഡല ജനതയുടെ തനത് പ്രാദേശികതയെയും ഫോക്ക്‌ലോറിന്റെ മഴവിൽ സമാന വർണാഭ വൈവിധ്യത്തെയും അടയാളപ്പെടുത്തുന്നതും ഫെസ്റ്റിന്റെ അടിസ്ഥാന ലക്ഷ്യത്തെ സൂചിപ്പിക്കുന്നതുമാണ് ലോഗോ. ഡിസംബർ 1 മുതൽ 31 വരെ നീളുന്ന ഫെസ്റ്റിന് ഒരുക്കങ്ങൾ വിപുലമായി പൂർത്തിയാകുന്നതായും എംഎൽഎ പറഞ്ഞു.

കോവിഡ് മഹാമാരിയുടെ വിഷാദം നീക്കി പ്രത്യാശയുടെ പുതുവർഷത്തിലേക്കും പുതിയൊരു ഉണർവ്വിലേക്കും നീങ്ങുന്നതിനും പൊതുസമൂഹത്തെ പ്രചോദിപ്പിക്കുക, മഹാമാരിമൂലം കടുത്ത അരക്ഷിതാവസ്ഥയിലായ ഫോക്ക് ലോർ കലകളെയും കലാകാരൻമാരെയും ടൂറിസത്തെയും സഹായിക്കുക, വൈപ്പിൻ മേഖലയെ സംസ്ഥാനത്തെ ഫോക്ക്‌ലോർ ഹബ്ബാക്കി മാറ്റി സാംസ്ക്കാരിക ടൂറിസത്തിന്റെ കേന്ദ്രമാക്കുക, പ്രാദേശിക കലാകാരൻമാർക്ക് അവസരം ഒരുക്കുക എന്നിവയാണ് ഫെസ്റ്റിന്റെ ലക്ഷ്യങ്ങൾ.

എംഎൽഎയുടെ നേതൃത്വത്തിൽ സാംസ്‌കാരിക, സഹകരണ, ടൂറിസം, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുടെയും ഫോക്ക്‌ലോർ അക്കാദമി, ചലച്ചിത്ര അക്കാദമി തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജനകീയ സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു.

ബീച്ചുകൾ, ഹാളുകൾ, മൈതാനങ്ങൾ എന്നിവടങ്ങിലായാണ് ഫെസ്റ്റിന് വേദികൾ ഒരുക്കുന്നത്. മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലും വേദികളുണ്ട്. എംഎൽഎ ചെയർമാനായ ജനകീയ സംഘാടക സമിതിയിൽ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ അംഗങ്ങളാണ്.

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ സൂചകമായി ഡിസംബർ ഒന്നുമുതൽ പതിനഞ്ചുവരെ വൈപ്പിൻകരയിൽ 25 കിലോമീറ്റർ ദൈർഘ്യത്തിൽ 75 ചുവർചിത്രങ്ങൾ ആലേഖനം ചെയ്‌തുകൊണ്ടാണ് ഫെസ്റ്റിന് തുടക്കംകുറിക്കുക. 50 ചിത്രകാരന്മാർ ഇതിൽ ഭാഗഭാക്കാകും. വിവിധ കേരളീയ നാടൻ കലാരൂപങ്ങൾ, വ്യത്യസ്‌ത രുചിമേളങ്ങൾ സമന്വയിക്കുന്ന ഭക്ഷ്യമേളകൾ, ഘോഷയാത്ര, പട്ടംപറത്തൽ വർക്ക്ഷോപ്പും മത്സരവും, സെമിനാർ, മണൽശിൽപ രചന, ഫോക്ക്‌ലോർ ഫിലിം ഫെസ്റ്റിവൽ, മറ്റു വിനോദോപാധികൾ തുടങ്ങി വിജ്ഞാനാധിഷ്ഠിത ആഘോഷത്തിനാണ് തുടർന്ന് മണ്ഡലം സാക്ഷ്യംവഹിക്കുക. അഞ്ഞൂറിൽപരം കലാകാരൻമാർ ഫെസ്റ്റിന്റെ ഭാഗഭാക്കാകും.

ഡിസംബർ 31നു അർധരാത്രി ശബ്‌ദ രഹിത വർണ്ണാഭ കരിമരുന്ന് പ്രയോഗത്തോടെ പുതുവർഷത്തെ വരവേറ്റുകൊണ്ട് ഫെസ്റ്റ് സമാപിക്കും. വിവിധ ദിനങ്ങളിലായി മന്ത്രിമാരും സാംസ്‌കാരിക നായകരും ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ ഫെസ്റ്റിൽ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും പരിസ്ഥിതി സൗഹൃദവുമായാമാണ് ഫെസ്റ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്‌. ലോഗോ പ്രകാശനത്തിൽ ഫെസ്റ്റ് കോ- ഓർഡിനേറ്റർ ബോണി തോമസ്, ജനറൽ കൺവീനർ എ പി പ്രിനിൽ, വക്താവ് സീമ ജി, കൺവീനർ അഡ്വ. വി പി സാബു എന്നിവർ സന്നിഹിതരായിരുന്നു.