സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം (ഉണര്‍വ്വ് 2021 ) ഡിസംബര്‍ 3 ന് സംഘടിപ്പിക്കുന്നു. കോവിഡ് 19 സാഹചര്യത്തില്‍ ഓണ്‍ലൈനായിട്ടായിരിക്കും കലാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാരായ വ്യക്തികള്‍ നവംബര്‍ 25 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ഇ-മെയില്‍ വിലാസത്തിലേയ്ക്ക് എന്‍ട്രികള്‍ അയക്കണം. അതത് രംഗത്തുളള വിധികര്‍ത്താക്കളെ ഉപയോഗിച്ച് മൂല്യനിര്‍ണ്ണയം നടത്തി ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ഡിസംബര്‍ 3 ന് ജില്ലാ തലത്തില്‍ നടത്തുന്ന പരിപാടികളില്‍ സമ്മാന വിതരണം നടത്തും. മത്സര ഇനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1) കഥാരചന
എല്ലാ വിഭാഗം ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും ഇതില്‍ പങ്കെടുക്കാം. മത്സരത്തില്‍ അയക്കുന്ന കഥ മറ്റ് മാസികകളിലോ, മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചവയാകരുത്.

2) പാട്ട് (സിംഗിള്‍, ഗ്രൂപ്പ് ) എല്ലാ വിഭാഗം ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും പങ്കെടുക്കാം. സിംഗിള്‍ ഇനത്തില്‍ 3 മിനിട്ട് വരെ ദൈര്‍ഘ്യമുളള പാട്ട് പാടുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കണം. ഗ്രൂപ്പ് മത്സരത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയോ, സംഘടനകളുടെയോ പേരില്‍ മത്സരിക്കാം. പരമാവധി 5 മിനിട്ട് വരെ ദൈര്‍ഘ്യമുളള ഏത് ഗാനവും ആലപിക്കാം.

3) ഉപന്യാസ രചന
( വിഷയം – കോവിഡും ഭിന്നശേഷിക്കാരുടെ ആരോഗ്യ പരിപാലനവും) എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കാം. ഉപന്യാസം 2 പുറത്തില്‍ കവിയരുത്. രചനകളുടെ വ്യക്തതയുളള സ്‌കാന്‍ ചെയ്ത ജെപിഇജി/പിഡിഎഫ് ഫയല്‍ അയക്കേണ്ടതാണ്.

4) ഗ്രൂപ്പ് ഡാന്‍സ് – എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും ഈ വിഭാഗത്തില്‍ മത്സരിക്കാം. ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയോ, സംഘടനകളുടെയോ പേരില്‍ മത്സരത്തില്‍ പങ്കെടുക്കാം.

5) സിംഗിള്‍ ഡാന്‍സ് – ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 8 മിനുട്ടില്‍ അധികരിക്കാത്ത ദൈര്‍ഘ്യമുളള ഡാന്‍സിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യത് അയച്ചു നല്‍കണം. പ്രസ്തുത മത്സരം 3 ഗ്രൂപ്പുകളായി തിരിച്ച് നടത്തുന്നതാണ്.

ഗ്രൂപ്പ്-1, 5 വയസ്സ് മുതല്‍ 12 വയസ്സ വരെയുളളവര്‍.
ഗ്രൂപ്പ്-2, 13 വയസ്സ് മുതല്‍ 18 വയസ്സ വരെയുളളവര്‍.
ഗ്രൂപ്പ്-3, 18 വയസ്സിന് മുകളില്‍ പ്രായമുളളവര്‍

6) ഷോര്‍ട്ട് ഫിലിം (വിഷയം തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍) സ്പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്സ് സ്‌കൂളുകള്‍, എസ്.എസ്.കെ, വിറ്റിസി, ക്ഷേമ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന 2 മിനുട്ടില്‍ കുറയാത്തതും 5 മിനുട്ടില്‍ കൂടാതെയുളള ഷോര്‍ട്ട് ഫിലിമുകള്‍ മല്‍സരത്തിന് അയക്കാവുന്നതാണ്. ഷോര്‍ട്ട് ഫിലിമില്‍ 80 ശതമാനം പേര്‍ ഭിന്നശേഷിക്കാരായിരിക്കണം.

7) ചിത്ര രചനാ മല്‍സരം (വിഷയം തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍) എല്ലാ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും ചിത്ര രചനാ മല്‍സരത്തില്‍ പങ്കെടുക്കാം. ചിത്രങ്ങളുടെ വ്യക്തതയുളള ജെപിഇജി/പിഡിഎഫ് ഫയലുകള്‍ അയച്ചു നല്‍ക്കേണ്ടതാണ്.

എല്ലാ മത്സരാര്‍ത്ഥികളും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉളളടക്കം ചെയ്യേണ്ടതാണ്.( ഇ-മെയില്‍ വിലാസം- pwddayidk@gmail.com ). കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റെറഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :0486-2228160