ഉക്കിനടുക്ക കാസറഗോഡ് ഗവ.മെഡിക്കൽ കോളേജിൽ ഔട്ട് പേഷ്യൻ്റ് ചികിത്സാ വിഭാഗം ഡിസംബർ ആദ്യവാരം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ന്യൂറോളജസ്റ്റിനെ അടിയന്തരമായി നിയമിക്കും. മെഡിക്കൽ കോളേജാശുപത്രിയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും നിർമാണപുരോഗതി പരിശോധിച്ച് വിലയിരുത്തി അവലോകനം ചെയ്യുന്നതിന് കാസറഗോഡ് മെഡിക്കൽ കോളേജിൻ്റെ ചുമതല വഹിക്കുന്ന ഡോ. ആദർശിൻ്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയമിക്കും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ സമയബന്ധിതമായി പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ഉറപ്പു വരുത്താൻ നിയോഗിക്കും. നിർമാണം വൈകിപ്പിക്കരുതെന്ന് യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി. ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരമാവധി വേഗത്തിൽ പരിഹരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. ടാറ്റാ ട്രസ്റ്റ് ഗവ.കോവിഡ് ആശുപത്രി ഭാവിയിൽ ഏതു നിലയിലുള്ള ആശുപത്രിയായി പരിഗണിക്കണമെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉദുമ എം എൽ എ യുടെ സാന്നിധ്യത്തിൽ ഇതു സംബന്ധിച്ച് തിരുവനന്തപുരത്ത് യോഗം നടത്തിയിരുന്നു.കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ അവശേഷിക്കുന്ന നിർമാണ പ്രവർത്തികൾ മാർച്ച് അവസാനം പൂർത്തിയാക്കുമെന്ന് യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കാത്ത് ലാബ് ജില്ലാ ആശുപത്രിയിൽ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യം.ഇതിനാവശ്യമായ ജീവനക്കാരെ ആശുപത്രി വികസന ഫണ്ട് ഉപയോഗിച്ച് നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകി.

കാഞ്ഞങ്ങാട് എൻഎച്ച്എം ഹാളിൽ ചേർന്ന യോഗത്തിൽ എം എൽ എ മാരായ ഇ ചന്ദ്രശേഖരൻ, എൻ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ, മെഡിക്കൽ വിദ്യാഭ്യാസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കട്ടരാമൻ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സബ് കളക്ടർ ഡി ആർ മേഘശ്രീ ഡി എം ഒ ഡോ.മോഹനൻ, ഡോ.റിജിത്ത്, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി. രാജ് മോഹൻ, കിഡ്കോ മാനേജിങ് ഡയറക്ടർ ഹരിനാരായണൻ തുടങ്ങിയവർ സംസാരിച്ചു.