പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തും: ജില്ലാതല വിജിലൻസ് കമ്മറ്റി

ജില്ലയിലെ സിവിൽ സപ്ലൈസ് വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ സുതാര്യത ഉറപ്പു വരുത്തുന്നതോടൊപ്പം പൊതുവിതരണ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കാൻ ജില്ലാതല പൊതുവിതരണ വിജിലൻസ് കമ്മറ്റിയുടെ തീരുമാനം. മുൻഗണന പട്ടികയിൽപ്പെട്ടവർക്ക് കാലതാമസം കൂടാതെ റേഷൻ എത്തിക്കാനും റേഷൻ കടകളിൽ സ്റ്റോക്ക് പരിമിതി ഇല്ലാതാക്കാനും കൂടുതൽ ശ്രദ്ധ ചെലുത്താനും യോഗത്തിൽ തീരുമാനമായി.കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മറ്റ് ഒട്ടേറെ നിർദേശങ്ങളുമുണ്ടായി.ബിപിഎൽ ലിസ്റ്റിലുള്ള അനർഹരെ കണ്ടെത്താൻ ഇനിയും നടപടിയുണ്ടാകും.

11,000 ത്തോളം അനർഹരെയാണ് ഇതുവരെ ബി പി എൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത്.
15, 000 പേരെ ബിപിഎൽ ലിസ്റ്റിലേക്ക് തിരിച്ചു കൊണ്ടുവന്നതായും കലക്ടർ അറിയിച്ചു.
എല്ലാ റേഷൻ കടകളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കും. റേഷൻ വിതരണ സമ്പ്രദായത്തിൽ വീഴ്ച്ചയുണ്ടെന്ന് തോന്നിയാൽ ഇതിലൂടെ ജനങ്ങൾക്ക് പരാതി കൈമാറാൻ സാധിക്കും. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരവും പരിശോധിക്കും.

പൊതുജനങ്ങൾക്ക് അർഹതപ്പെട്ട റേഷൻ വിഹിതം കാലതാമസം കൂടാതെ നൽകാൻ വഴിയൊരുക്കുമെന്നും കലക്ടർ അറിയിച്ചു.എ ഡി എം റെജി പി ജോസഫ്, ജില്ലാ സപ്ലൈ ഓഫീസർ ടി അയ്യപ്പദാസ്, താലൂക്ക് സപ്ലൈ ഓഫീസർമാർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.