മലപ്പുറം: സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘത്തിന്റെ നവീകരിച്ച ഐ.ടി ഓഫീസിന്റെയും പ്രവാസിസ് അക്കാദമിയുടെയും ഉദ്ഘാടനം മലപ്പുറത്ത് നടന്നു. പ്രവാസിസ് ലിമിറ്റഡ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ നവീകരിച്ച ഐ.ടി ഓഫീസിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. പ്രവാസിസ് അക്കാദമിയുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി.

സംസ്ഥാനത്ത് സഹകരണമേഖലയില്‍ ഐ.ടി രംഗം വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നതെന്ന് നവീകരിച്ച ഐ.ടി ഓഫീസിന്റെ ഉദ്ഘടനം നിര്‍വഹിച്ച് സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. നാടിന്റെ സമ്പദ്ഘടനയില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരാണ് പ്രവാസികളെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്ന വിധം സാങ്കേതിക പരിജ്ഞാനം നേടാന്‍ പ്രവാസികളെ പ്രാപ്തമാക്കുകയാണ് പ്രവാസിസ് അക്കാദമികളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ ഏറെ പ്രയാസമനുഭവിച്ച പ്രവാസികളെ കൈവിടാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും അവര്‍ക്കായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ നഗരസഭ കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, പ്രവാസിസ് ലിമിറ്റഡ് പ്രസിഡന്റ് പി. സൈതാലിക്കുട്ടി, സഹകരണ സംഘം ഡെപ്യൂട്ടി ജോയിന്റ് രജിസ്ട്രാര്‍ സുരേന്ദ്രന്‍ ചെമ്പ്ര, കേരള പ്രവാസി സംഘം വൈസ്പ്രസിഡന്റ് പി.കെ അബ്ദുള്ള, സെക്രട്ടറി ഗഫൂര്‍ പി. ലില്ലീസ്, പ്രവാസിസ് ലിമിറ്റഡ് ഡയറക്ടര്‍ പി.എല്‍ പ്രസന്ന എന്നിവര്‍ സംസാരിച്ചു.