മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ പങ്കാളിത്തത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ യാഥാര്‍ഥ്യമാക്കിയ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ജില്ലയില്‍ ആദ്യമായി എത്തുന്ന വീണാ ജോര്‍ജ് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തി. കുടുംബാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. അത്യാകര്‍ഷക നിര്‍മിതിയിലുള്ള കുടുംബാരോഗ്യ കേന്ദ്രം മൂന്ന് നിലകളിലായാണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളിലെയും സൗകര്യങ്ങളും സംവിധാനങ്ങളും മന്ത്രി നേരിട്ട് കണ്ടു. മിനി തിയേറ്റര്‍, രണ്ട് നിരീക്ഷണ വാര്‍ഡുകള്‍, ദന്ത , നേത്ര ക്ലിനിക്കുകള്‍, മെഡിസിന്‍ റൂം, ഗര്‍ഭിണികള്‍ക്കായുള്ള ക്ലിനിക്ക്, ഫാര്‍മസി, ലാബ്, കോണ്‍ഫറന്‍സ് ഹാള്‍, കുത്തിവെയ്പ്പ് ഹാള്‍, സ്റ്റോക്ക് റൂം തുടങ്ങിയ സൗകര്യങ്ങളാണ് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലുള്ളത്.
2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ആശുപത്രിയുടെ പഴയ കെട്ടിടം ഉപയോഗയോഗ്യമല്ലാതായതോടെ വി.പി.എസ് ഗ്രൂപ്പിന്റെ സഹായത്തോടെ 10 കോടി രൂപ വിനിയോഗിച്ച് വാഴക്കാട്ടെ കുടുംബാരോഗ്യ കേന്ദ്രത്തിന് അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ 24 നായിരുന്നു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം. കോവിഡ് സാഹചര്യമായതിനാല്‍ അന്ന് ഉദ്ഘാടന പരിപാടി ഓണ്‍ലൈനായാണ് നടത്തിയത്. പിന്നീട് ഒരിക്കല്‍ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് എത്താമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രിയുടെ സന്ദര്‍ശനം.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക, ഡെപ്യൂട്ടി ഡി.എം.ഒ മുഹമ്മദ് ഇസ്മായില്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ്, കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരായ ബൈജു, ജുനൈന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.എസ് അഷിത, ഉണ്ണികൃഷ്ണന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗം എന്‍.പ്രമോദ് ദാസ്, വാഴയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി വസന്തകുമാരി, പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സി.വി സക്കറിയ്യ എന്നിവര്‍ സന്ദര്‍ശന വേളയില്‍ മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. സ്റ്റാഫ് നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയ ജീവനക്കാരും പൊതുപ്രവര്‍ത്തകരും നാട്ടുകാരും മന്ത്രിയെ സ്വീകരിക്കാനും എത്തിയിരുന്നു.