തൃശൂര്‍: കെയർ ഹോം രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി പഴയന്നൂരിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന ഭവന സമുച്ചയങ്ങൾ ജില്ലാ കലക്ടർ ഹരിത വി കുമാർ സന്ദർശിച്ചു. സ്ഥലവും വീടും ഇല്ലാത്തവർക്ക് വീട് നൽകുന്ന രണ്ടാംഘട്ട പദ്ധതിയിൽ 4 വീടുകൾ ഒരു ബ്ലോക്കിൽ എന്ന രീതിയിൽ 10 ബ്ലോക്കുകളിൽ 40 വീടുകളാണ് നിർമ്മിച്ചിരിക്കുന്നത്. വീടുകളിലെ സൗകര്യങ്ങൾ കലക്ടർ വിലയിരുത്തി. ഉദ്ഘാടനത്തിന് മുൻപ് എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ ഉറപ്പാക്കണമെന്ന് കലക്ടർ നിർദേശിച്ചു. ഗുണഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ ഓരോ വീടിൻ്റെയും അവകാശികളെ നിശ്ചയിക്കൽ, ഉദ്ഘാടനം എന്നിവ സംബന്ധിച്ച് മന്ത്രി കെ രാധാകൃഷ്ണനുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് കലക്ടർ അറിയിച്ചു.
ഓരോ വീടും 417 സ്ക്വയർ ഫീറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ രണ്ട് കിടപ്പുമുറികൾ ഒരു ബാത്ത് റൂം, അടുക്കള, ഹാൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
കുട്ടികൾക്കായി പൊതുവായ കളിസ്ഥലം,ജിം ഏരിയ, കമ്യൂണിറ്റി ഹാൾ, അഷ്ടദള രൂപത്തിലുള്ള വിശ്രമ കേന്ദ്രം തുടങ്ങിയവ ഫ്ലാറ്റിനോട് അനുബന്ധിച്ച് തയ്യറാക്കിയിട്ടുണ്ട്. ഇവയെല്ലാം കലക്ടർ പരിശോധിച്ചു.1.06 ഏക്കർ സ്ഥലത്ത് ഒന്നാം ഘട്ടത്തിൽ 3.72 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 91ലക്ഷം രൂപയും കൂടി 4.63 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട സമുച്ഛയങ്ങൾ ഒരുക്കിയിരിക്കുന്നത്. നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ മുരളീധരൻ, തഹസിൽദാർ എ എൻ ഗോപകുമാർ, കെയർ ഹോം നോഡൽ ഓഫീസർ ബിന്ദുമേനോൻ, കെയർ ഹോം ജില്ലാ തല മേൽനോട്ട സമിതി ജോയിന്റ് രജിസ്ട്രാർ ഇൻ ചാർജ്ജ് ടി.കെ ലളിതാംബിക, നിർമ്മിതി കേന്ദ്ര പ്രൊജക്റ്റ് മാനേജർ ഷീജ ഫ്രാൻസിസ് തുടങ്ങിയവർ കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.
