സുല്‍ത്താന്‍ ബത്തേരി: ആശയഗംഭീരമാര്‍ന്ന ചിത്രങ്ങള്‍ രചിച്ചും കരകൗശല വൈദഗ്ധ്യം തെളിയിച്ചും കാഴ്ചക്കാരെ വിസ്മയംകൊള്ളിച്ച് ജില്ലയിലെ ഭിന്നശേഷി കലാകാരന്മാര്‍. ഫിനിക്സ് – 2018 എന്ന പേരില്‍ ജില്ലാ കുടുംബശ്രീ മിഷന്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച കരകൗശല, ചിത്രരചന എക്സിബിഷനിലാണ് തങ്ങളും മറ്റുള്ള കലാകാരന്‍മാരേക്കാള്‍ ഒട്ടുംപിന്നിലല്ലെന്ന് തെളിയിച്ചത്. അന്താരാഷ്ട്ര നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായിട്ടായാണ് പരിപാടി സംഘടിപ്പിച്ചത്. ഫിനിക്സ് എന്ന പേര് അന്വര്‍ഥമാക്കി പരിമിതികളെ അതിജീവിച്ച് പറന്നുയരുകയായിരുന്നു ഈ കലാകാരന്മാര്‍. ആശയഗംഭീരമാര്‍ന്ന ചിത്രങ്ങള്‍, മനോഹരമായി നെയ്തെടുത്ത കരകൗശല വസ്തുക്കള്‍, മുത്തുകള്‍ കൊണ്ടും പാഴ് വസ്തുക്കള്‍ കൊണ്ടും തീര്‍ത്ത കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്നും അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യയോജനയുടെ ഭാഗമായാണ് അന്താരാഷ്ട്ര നൈപുണ്യദിനത്തോടനുബന്ധിച്ച് ജില്ലാ കുടുംബശ്രീ മിഷന്‍ ഭിന്നശേഷി യുവതി – യുവാക്കള്‍ക്കായി പരിപാടി സംഘടിപ്പിച്ചത്. അറുപതോളം ഭിന്നശേഷിക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്വയംതൊഴില്‍ പരിശീലിപ്പിച്ച് സമൂഹത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫിനിക്സ് – 2018 സംഘടിപ്പിച്ചത്. മല്‍സരത്തിനുശേഷം നിര്‍മിച്ച വസ്തുക്കളുടെയും ചിത്രങ്ങളുടെയും പ്രദര്‍ശനങ്ങളുമുണ്ടായിരുന്നു.
