കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തിയ യൂത്ത് ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു. കൃഷി, കല, സാമൂഹ്യ പ്രതിബദ്ധത എന്നീ വിഷയങ്ങളിലാണ് അവാർഡുകളെന്ന് വൈസ് ചെയർമാൻ എസ്.സതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോട് റാംമോഹൻ റോഡിലെ പോലീസ് ക്വാട്ടേഴ്‌സ് വളപ്പിൽ ജൈവപച്ചക്കറി കൃഷിക്കായി 1500 ഗ്രോബാഗുകൾ നിരത്തി നട്ടുപിടിപ്പിച്ച പച്ചക്കറി തൈകൾ വളർന്നു പൊന്തിയപ്പോൾ തൈകൾക്ക് വെള്ളം നനയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം പകർത്തിയതിന് നിധിഷ് കൃഷ്ണൻ (കൃഷ്ണഗിരി ഹൗസ്, കിഴർമാഡം പറമ്പ് പി.ഒ, കോഴിക്കോട്, കല്ലായി-673003) കൃഷി വിഭാഗത്തിലെ അവാർഡിന് അർഹനായി.
സാമൂഹ്യപ്രതിബദ്ധത എന്ന വിഷയത്തിൽ കോട്ടയം താഴത്തങ്ങാടി ആറ്റിൽ, ഉടക്ക് വലയിൽ മീൻ പിടിക്കുന്ന തൊഴിലാളി പുഴയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ വള്ളത്തിൽ ശേഖരിച്ച് നീക്കം ചെയ്യുന്ന ചിത്രം പകർത്തിയതിന് വിഷ്ണു വി.എസ് (കലാക്ഷേത്രം, കുമരകം പി.ഒ, കോട്ടയം) വിജയിയായി.
കൊറോണയിൽ ഒതുങ്ങിപ്പോകുന്ന ആചാരാനുഷ്ഠാനങ്ങൾ എന്ന തലക്കെട്ടിൽ തെയ്യം എന്ന കലാരൂപത്തിന്റെ ചിത്രം പകർത്തിയതിന് ശ്രീരാഗ് രഘു (കണ്ടംപത്ത് കിഴക്കേ വീട്, അന്നൂർ, പയ്യന്നൂർ പി.ഒ, കണ്ണൂർ) കല എന്ന വിഭാഗത്തിലെ അവാർഡിന് അർഹനായി. 50,000 രൂപയും പ്രശസ്തി പത്രവും മെമന്റോയുമാണ് അവാർഡ്. ഛായഗ്രഹകനും നിർമാതാവുമായ ജോമോൻ ടി. ജോൺ ആയിരുന്നു ജൂറി ചെയർമാൻ. മാർട്ടിൻ പ്രാക്കാട്ട്, രാധാകൃഷ്ണൻ ചക്യാട്ട് എന്നിവരായിരുന്നു അംഗങ്ങൾ.