- ജിസിഡിഎ മാര്‍ക്കറ്റ് മുതല്‍ പി ആന്‍ഡ് ടി കോളനി വരെയുള്ള ഭാഗം ജൂലൈ 30 നകം പൂര്‍ത്തിയാക്കും
- തേവര മുതല്‍ പേരണ്ടൂര്‍ വരെ പൂര്‍ണ്ണ ശുചീകരണം ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും
കൊച്ചി: പേരണ്ടൂര്‍ കനാല്‍ ശുചീകരണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനം. താത്കാലിക നടപടി എന്ന നിലയില്‍ ജിസിഡിഎ മാര്‍ക്കറ്റ് മുതല്‍ പി ആന്‍ഡ് ടി കോളനി വരെയുള്ള പേരണ്ടൂര്‍ കനാലിന്റെ ഭാഗവും കമ്മട്ടിപ്പാടവും ഈ മാസം 30 നകം വൃത്തിയാക്കും. കഴിഞ്ഞ മാസം 26 നു ആരംഭിച്ച പോള നീക്കല്‍ ഇടയ്ക്ക് തടസപ്പെട്ടിരുന്നു. നഗരപരിധിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പേരണ്ടൂര്‍ കനാലിലെ പോളയും മാലിന്യങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഹൈക്കോടതി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പേരണ്ടൂര്‍ കനാല്‍ വൃത്തിയാക്കല്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് കളക്ടറുടെ ഇടപെടല്‍.
ആകെ 10.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിന്റെ 3.7 കിലോമീറ്ററാണ് ഇപ്പോള്‍ ഫ്‌ളോട്ടിംഗ് ജെസിബി ഉപയോഗിച്ച് ശുചീകരിക്കുന്നത്. 5.85 ലക്ഷം രൂപചെലവിലാണ് ശുചീകരണപ്രവൃത്തികള്‍ നടക്കുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ഗാന്ധി നഗര്‍ വരെയുള്ള ഭാഗത്താണ് ഏറ്റവുമധികം വെള്ളക്കെട്ടുള്ളത്. കമ്മട്ടിപ്പാടം ഭാഗത്ത് നൂറോളം തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കും. രണ്ട് ജെസിബികള്‍ ഉപയോഗിച്ച് സമയബന്ധിതമായി ശുചീകരണം പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. പോള തിരിച്ച് കയറുന്നത് തടയാന്‍ വല വെക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.
അമൃത് പദ്ധതി പ്രകാരം തേവര മുതല്‍ പേരണ്ടൂര്‍ വരെ പൂര്‍ണ്ണ തോതിലുള്ള ശുചീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വര്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ അടുത്ത വര്‍ഷം ഏപ്രിലോടെ ശുചീകരണം പൂര്‍ത്തിയാക്കും. അടുത്ത മാസത്തോടെ ശുചീകരണം ആരംഭിക്കും. 16 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പൂര്‍ണ്ണ തോതിലുള്ള ശുചീകരണം ആരംഭിക്കുന്ന മുറയ്ക്ക് കനാലിനു വശങ്ങളിലുള്ള കൈയേറ്റങ്ങള്‍ കണ്ടെത്തുന്നതിന് വീണ്ടും അളന്നു തിട്ടപ്പെടുത്തും.
ജില്ല കളക്ടറുടെ ക്യാംപ് ഓഫീസില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, എ.ഡി.എം എം.കെ. കബീര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എ.എസ്. അനൂജ, കൗണ്‍സിലര്‍ ഡോ. പൂര്‍ണ്ണിമ നാരായണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗിരിജ ദേവി, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.