ഒല്ലൂക്കര ബ്ലോക്കിലെ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക്
പുതിയ കെട്ടിടങ്ങൾ
ഒല്ലൂക്കര ബ്ലോക്കിലെ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക്
പുതിയ കെട്ടിടം. കുടുംബാരോഗ്യ
കേന്ദ്രങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ്
ഓൺലൈനായി നിർവഹിച്ചു.
മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കരുവാൻകാട് കുടുംബാരോഗ്യ കേന്ദ്രത്തിനും പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനുമാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്.ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനോടൊപ്പം ഗുണനിലവാരമുള്ള ചികിത്സ എന്ന ലക്ഷ്യവും കൈവരിക്കാൻ കേരളത്തിന് സാധിച്ചെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ആർദ്രം മിഷന്റെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതിന്റെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു.ആർദ്രം പദ്ധതിയിലൂടെ സംസ്ഥാനത്തെ ആരോഗ്യ മേഖല ലോകത്തിന് തന്നെ മാത്യകയായെന്ന്അധ്യക്ഷ പ്രസംഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കേരളത്തിന്റെ നാല് മിഷനുകളായ ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസം, ഹരിത കേരളം പദ്ധതികളിലൂടെമികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിന് സാധിച്ചു.ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ ചെലവഴിക്കുന്ന പണം കേരളത്തിന്റെ മൂലധനമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങുകളിൽ ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി,മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര,പാണഞ്ചേരി വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എൻ ഷാജി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ കെ കുട്ടപ്പൻ, മെഡിക്കൽ ഓഫീസർ ഡോ.കെ കെ രാഹുൽ, പഞ്ചായത്ത് സെക്രട്ടറി എം രാജേശ്വരി, ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ, ഒല്ലൂക്കര പിഎച്ച്സി സൂപ്രണ്ട് ഡോ.ജയന്തി, മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, കുടുംബാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.