ഗോത്രവർഗ മേഖലയിലെ ഭക്ഷ്യ ഭദ്രത ഉറപ്പാക്കാൻ ‘ഭാസുര’:
ജില്ലാതല രൂപീകരണത്തിന് തുടക്കമായി

‘ഭക്ഷണം ഔദാര്യമല്ല അവകാശമാണ്’ എന്ന ആശയത്തിലൂന്നി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ നടപ്പിലാക്കുന്ന ഗോത്ര വർഗ വനിതാ ഭക്ഷ്യ ഭദ്ര കൂട്ടായ്മയായ ‘ഭാസുര’ രൂപീകരണത്തിന് ജില്ലയിൽ തുടക്കമായി. ഭാസുര രൂപീകരണത്തിന്റെയും പട്ടികവർഗ പ്രൊമോട്ടർമാർക്കുള്ള പരിശീലന ക്ലാസ്സിന്റെയും ഉദ്ഘാടനം കൊടകര ബ്ലോക്ക് ഓഫീസ് ഹാളിൽ
എം എൽ എ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി രമേശൻ അധ്യക്ഷത വഹിച്ചു.ഗോത്രവർഗ മേഖലയിലെ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ്
സംസ്ഥാന വ്യാപകമായി പദ്ധതിക്ക് തുടക്കമിടുന്നത്. ജില്ലയിലെ ഓരോ ഗോത്രവർഗ ഊരുകളിലും വിദ്യാഭ്യാസമുള്ള ഒരു വനിതയെയാണ് ഭാസുരയുടെ കൺവീനറായി നിയമിക്കുക. ആ ഊരിലെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതോടൊപ്പം ഭക്ഷ്യ വിതരണത്തിലെ പരാതികളും ഇവർ മുഖേന ഭക്ഷ്യ കമ്മീഷനിൽ എത്തും.
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് റെജി പി ജോസഫ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്, ജില്ലാ പഞ്ചായത്ത് മെമ്പർ സരിത രാജേഷ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ സി പി സജീവൻ, ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ഇ ആർ സന്തോഷ് കുമാർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ മീര പി, ജില്ലാ സപ്ലൈ ഓഫീസർ ടി അയ്യപ്പദാസ് തുടങ്ങിയവർ പങ്കെടുത്തു.