പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഇനി പോലീസും ട്രാക്ടര്‍ ഓടിക്കും. പോലീസിന്റെ സാധനങ്ങളും ഉപകരണങ്ങളും പമ്പയില്‍ നിന്ന് സന്നിധാനത്ത് എത്തിക്കുന്നതിനാണ് പോലീസ് സേന അവരുടെ സ്വന്തം ട്രാക്ടര്‍ ഉപയോഗിക്കുക. സന്നിധാനത്തെ പോലീസ് മെസിലേക്കുള്ള സാധനങ്ങള്‍, പോലീസ്, എന്‍ഡിആര്‍എഫ്, ആര്‍എഫ് എന്നിവരുടെ ഉപകരണങ്ങള്‍, സാധനങ്ങള്‍ എന്നിവ എത്തിച്ചു നല്‍കുകയാണ് ലക്ഷ്യം.
മുന്‍ വര്‍ഷങ്ങളില്‍ പോലീസിന്റെ ട്രാക്ടറില്‍ കരാര്‍ ഡ്രൈവര്‍മാരാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍, ഇനി പരിശീലനം ലഭിച്ച പോലീസുകാരാണ് ട്രാക്ടര്‍ ഓടിക്കുക. പമ്പ സ്റ്റേഷന്‍, പത്തനംതിട്ട എആര്‍ ക്യാമ്പ്, പോലീസ് അക്കാഡമി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ട്രാക്ടറുകളാണ് സര്‍വീസ് നടത്തുക. അതിനായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 42 പേരാണ് പരിശീലനം നേടിയത്. ആദ്യഘട്ടത്തില്‍ ഏഴു ഡ്രൈവര്‍മാരാണ് എത്തിയിട്ടുള്ളത്.