ജില്ലയിലെ സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് പുരോഗതി വിലയിരുത്തുന്നതിനും അഭിപ്രായ സമന്വയത്തിനുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലയിലേക്കായി നിയോഗിച്ച ഇലക്ടറൽ റോൾ ഒബ്സർവർ റാണി ജോർജ് ഐ.എ.എസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു.

ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി പ്രതിനിധികളും യോഗത്തിൽ പങ്കുവെച്ച അഭിപ്രായങ്ങളും പരാതികളും പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് യോഗത്തിൽ റാണി ജോർജ് അറിയിച്ചു. തുടർന്ന് ജില്ലയിലെ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഓരോ നിയോജക മണ്ഡലങ്ങളിലും ലഭിച്ച അപേക്ഷകളും അവയുടെ നിലവിലെ സ്ഥിതിയും പരിശോധിച്ച് ഫോമുകൾ അനുയോജ്യമായ രീതിയിൽ കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയിലെ സ്വീപിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിൽ ഇലക്ടറൽ റോൾ ഒബ്സർവർ സംതൃപ്തി അറിയിച്ചു.