മലപ്പുറം:കോവിഡ് വാക്‌സിനേഷനില്‍ ഒന്നാം ഡോസ് എടുത്തവര്‍ രണ്ടാം ഡോസും എടുക്കുന്നതില്‍ വിമുഖത കാണിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. രണ്ടാം ഡോസെടുക്കാത്തത് ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ആകുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലയില്‍ ഇന്നലെ (നവംബര്‍ 26) വരെ ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ 2962957 പേരും രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ 1652877 പേരും ആണ്. വാക്‌സിനേഷന്‍ എടുക്കേണ്ടവരില്‍ 85401 പേര്‍ ആദ്യ ഡോസ് പോലും എടുത്തിട്ടില്ല. രണ്ടാം ഡോസ് എടുക്കാന്‍ സമയം ആയവരില്‍ 484732 പേര്‍ രണ്ടാം ഡോസ് എടുത്തിട്ടില്ല. ഇത് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായിരുന്ന നേട്ടത്തെ ബാധിക്കും. വാക്‌സിനേഷന്‍ എടുത്തവരില്‍ കോവിഡ് ബാധിച്ചവര്‍ വളരെ കുറവാണ്. രോഗം ഗുരുതരമായവരും മരണപ്പെട്ടവരും തീരെ കുറവാണ്. കോവിഡ് വൈറസിനെതിരായി ആന്റിബോഡി ഉണ്ടാക്കി പ്രതിരോധം ഉറപ്പു വരുത്തുക എന്നതാണ് വാക്‌സിനേഷനിലൂടെ നേടുന്നത്. ഒന്നാം ഡോസ് എടുക്കുമ്പോള്‍ ആന്റിബോഡി ഉത്പാദനം പതിയെ ആരംഭിച്ച് ക്രമേണ ഉയര്‍ന്ന തോതില്‍ എത്തിയ ശേഷം പതിയെ താഴ്ന്നു വരും. ഇങ്ങനെ താഴ്ന്നു വരുന്ന സമയം കണക്കാക്കിയാണ് വാക്‌സിന്റെ രണ്ടാം ഡോസ് നല്‍കുന്നത്. അങ്ങനെ രണ്ടാം ഡോസ് നല്‍കുന്നതിലൂടെ വീണ്ടും പ്രതിരോധ ശേഷി ഉയരുകയും ഏറെ കാലം നിലനില്‍ക്കുകയും ചെയ്യുന്നതിലൂടെ രോഗത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു. എന്നാല്‍ രണ്ടാം ഡോസ് എടുക്കാത്തവരില്‍ പ്രതിരോധ ശേഷി കുറഞ്ഞു വരുമ്പോള്‍ രോഗം ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. അതിനാല്‍ എല്ലാവരും രണ്ട് ഡോസ് വാക്‌സിനും എടുത്ത് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കോവിഡ് രണ്ടാം ഡോസ് എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനായുള്ള കര്‍മപരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തയ്യാറാക്കി. ജില്ലയിലെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തില്‍ ഓരോ വാര്‍ഡിലേയും ഒന്നാം ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍, രണ്ടാം ഡോസ് വാക്‌സിന് സമയം ആയിട്ടും വാക്‌സിന്‍ എടുക്കാത്തവര്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരും ദിവസങ്ങളില്‍ അവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള പരിപാടി നടപ്പിലാക്കും. തദ്ദേശ ഭരണ സ്ഥാപങ്ങളുടെ നേതൃത്വത്തില്‍ യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റ് അസോസിയേഷനുകള്‍, കുടുംബശ്രീ, നെഹ്റു യുവകേന്ദ്ര, തുടങ്ങിയവരുടെ സഹകരണത്തോടെ കര്‍മപരിപാടി വിജയിപ്പിക്കും.
പഞ്ചായത്ത് ഉപഡയറക്ടര്‍ വി.കെ മുരളി, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ജി വിജയകുമാര്‍, ഡി.പി.എം ഡോ.ടി.എന്‍ അനൂപ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.അഹമ്മദ് അഫ്‌സല്‍, കോവിഡ് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ .വിനോദ്, ഡോ. എം.പ്രവീണ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി രാജു, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ വിഎം റിംസി, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, അജയ് ഘോഷ്, ജോയികുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.