മലപ്പുറം: സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘പഠ്‌ന ലിഖ്‌ന അഭിയാന്‍’ നടത്തിപ്പിനായി ജില്ലയില്‍ വിപുലമായ സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്നു. ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എംമാര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായും, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ സക്ഷരതാപ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളായും പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയുടെ ജില്ലാതല സംഘാടകസമിതി രൂപികരിച്ചു.

പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 50,000 പേരെ സാക്ഷരരാക്കുന്നത്. പട്ടികവര്‍ഗം, പട്ടികജാതി, ന്യൂനപക്ഷവിഭാഗങ്ങള്‍, ജനറല്‍ വിഭാഗങ്ങളിലെ നിരക്ഷരെ കണ്ടെത്തി സാക്ഷരരാക്കുക എന്നതാണ് പദ്ധതിയുടെ പ്രവര്‍ത്തനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയമായി സംഘാടക സമിതികള്‍ രൂപികരിച്ച് സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകര്‍, തുല്യതാപഠിതാക്കള്‍, വിദ്യാര്‍ഥികള്‍, എന്‍.സി.ഇ.സി, എന്‍.എസ്.എസ്, എസ്.സി, എസ്.ടി പ്രമോര്‍ട്ടര്‍മാര്‍, നെഹ്‌റു യുവകേന്ദ്ര പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയ വിവിധ മേഖലയിലുളള വരെ അണിനിരത്തി ബഹുജന കാമ്പയിനാണ് പദ്ധതിയുടെ ഭാഗമായി നടത്തുക. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നവംബറില്‍ തന്നെ വിപുലമായ സംഘാടകസമിതി ചേരും. പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ നാലിന് തുല്യതാ അധ്യാപകരുടെ യോഗം, കോട്ടപ്പടി ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തിലും, ഡിസംബര്‍ ആറിന് പഞ്ചായത്ത് മുന്‍സിപ്പല്‍ അധ്യക്ഷന്‍മാരുടെയും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷരുടെയും യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. തുടര്‍ന്ന് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തകരുടെയും യോഗങ്ങള്‍ ചേരും. 2022 മാര്‍ച്ച് 31 നകം പദ്ധതി പൂര്‍ത്തികരിക്കും. മലപ്പുറം, പാലക്കാട്, വയനാട്, ഇടുക്കി, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളെയാണ് പദ്ധിക്കായി തെരെഞ്ഞടുത്തിരിക്കുന്നത്. ഈ ജില്ലകളില്‍ നിന്ന് രണ്ട് ലക്ഷം പേരെ മാര്‍ച്ച് 31 നകം സാക്ഷരരാക്കും.

യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ മൂത്തേടം അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ നസിബ അസീസ്, സറീന ഹസിബ്, എന്‍.എ കരീം, അംഗങ്ങളായ എ.പി ഉണ്ണികൃഷ്ണന്‍, പി.കെ.സി അബ്ദുറെഹിമാന്‍, വി.കെ.എം ഷാഫി, സുഭദ്ര ശിവദാസന്‍, സമീറ പുളിക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍ എ റഷീദ്, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സി.അബ്ദുല്‍ റഷീദ് , അസി. കോ- ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടി എഫ്. ജോയ്, വിജയഭേരി കോ- ഓര്‍ഡിനേറ്റര്‍ ടി.സലീം, സംസ്ഥാന സാക്ഷരാതമിഷന്‍ ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ സലീം കുരുവമ്പലം എന്നിവര്‍ സംസാരിച്ചു.