കാക്കനാട്: റേഷൻ കാർഡിൽ ആധാർ നമ്പറുകൾ ചേർക്കുന്നതിനും കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും തെളിമ പദ്ധതിയുമായി സിവിൽ സപ്ലൈസ് വകുപ്പ്. ഡിസംബർ 15 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
റേഷൻ കാർഡ് അംഗങ്ങളുടെ പേരിലും, മേൽ വിലാസത്തിലും, കാർഡുടമയുമായിട്ടുളള ബന്ധത്തിലും, അംഗങ്ങളുടെ തൊഴിൽ, എൽ.പി.ജി വിവരങ്ങളിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അവ സ്ഥായിയായി തിരുത്തി റേഷൻ കാർഡ് വിവരങ്ങൾ കുറ്റമറ്റതാക്കിമാറ്റുന്നതിനുളള അവസരമാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്.

റേഷൻ കാർഡിൽ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ 95.9 ശതമാനം മാത്രമാണ് പൂർത്തിയായത്. എൻ.എഫ്.എസ്.എ പ്രകാരം റേഷൻ വിതരണം കൃത്യമായി ലഭിക്കുന്നതിനായി എല്ലാ റേഷൻ കാർഡ് അംഗങ്ങളുടെയും ആധാർ നമ്പർ ആർ.സി.എം.എസ് മായി ബന്ധിപ്പിക്കുന്നത് അടുത്ത വർഷം ജനുവരിയിൽ 100 ശതമാനം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി മുൻഗണനാ പൊതുവിഭാഗംറേഷൻ കാർഡ് പരിവർത്തനം, റേഷൻ കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുളള വരുമാനം, വീടിന്റെ വിസ്തീർണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്തുന്നതിനുളള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഇപ്രകാരമുളള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ സെൻററുകൾ അല്ലെങ്കിൽ സിറ്റിസൺ ലോഗിൻ മുഖേന മുൻകാലങ്ങളിലെന്ന പോലെ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ.
റേഷൻ ഡിപ്പോകളിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ചുളള വിവരങ്ങളും, ഡിപ്പോ ലൈസൻസി അല്ലെങ്കിൽ സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം എന്നിവയെ സംബന്ധിച്ചുളള അഭിപ്രായങ്ങളും നിർദ്ദേശങ്ങളുംപൊതുജനങ്ങൾക്ക് വകുപ്പിനെ അറിയിക്കാവുന്നതാണ്. റേഷൻ ഡിപ്പോകളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്രോപ്പ് ബോക്സുകളിൽ പരാതികൾ എഴുതി നിക്ഷേപിക്കാം. ഓരോ ആഴ്ചയും അവസാനത്തെ പ്രവൃത്തി ദിവസം ബന്ധപ്പെട്ട റേഷനിംഗ് ഇൻസ്പെക്ടർ ഡ്രോപ്പ് ബോക്സ് തുറന്ന് അപേക്ഷകളും, പരാതികളും, നിർദ്ദേശങ്ങളും ശേഖരിച്ച് നടപടികൾ സ്വീകരിക്കും. ഇതിൽ റേഷൻ ഡിപ്പോകളിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യ ങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ചുളള വിവരങ്ങളും ഡിപ്പോ ലൈസൻസി അല്ലെങ്കിൽ സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം എന്നിവയെ സംബന്ധിച്ചുളള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എ.ആർ.ഡി തല വിജിലൻസ് കമ്മിറ്റിയ്ക്ക് കൈമാറും. ഡിസംബർ 16 മുതൽ 31 വരെ താലൂക്ക് തലത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി പദ്ധതി പ്രകാരം ലഭ്യമായ എല്ലാ അപേക്ഷകളിലും അന്തിമ തീർപ്പ്കൽപ്പിക്കും.