നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പിന് തുടക്കം

നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറ്റിശ്ശേരി തണൽ കോംപ്ലക്സിൽ ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പിന് തുടക്കമായി. ഡിസംബർ 15 വരെ ഒന്നിടവിട്ട ദിവസങ്ങളിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ എന്നിവർക്കായി ക്യാമ്പ് തുടങ്ങിയിരിക്കുന്നത്. പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഇന്റർനെറ്റ്‌ സൗകര്യവും ഉദ്യോഗസ്ഥ സേവനവും അക്ഷയ ജീവനക്കാരുടെ സഹായവും പഞ്ചായത്ത്‌ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ്‌ ടി എസ് ബൈജു പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, കരാർ തൊഴിലാളികൾ  ഉൾപ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായുള്ള ആദ്യ ദേശീയതല ഡാറ്റാബേസ് ആണ് ഇ-ശ്രം പോർട്ടൽ. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങൾ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കൂടി ലഭ്യമാക്കാൻ പോർട്ടൽ വഴിയൊരുക്കുന്നു.ഭാവിയിൽ കേന്ദ്ര സർക്കാർ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ലഭിക്കൂ. തൊഴിലാളികളുടെ പേര്,  തൊഴിൽ, വിലാസം,  വിദ്യാഭ്യാസ യോഗ്യത, നൈപുണ്യ ശേഷി, കുടുംബ വിവരങ്ങൾ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള പോർട്ടലിൽ ഉണ്ടായിരിക്കും. പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത നിശ്ചിത പ്രായപരിധിയിലുള്ള എല്ലാ തൊഴിലാളികൾക്കും ഈ പോർട്ടലിൽ  രജിസ്ട്രേഷൻ നടത്താം.