സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി അവരെ സമൂഹത്തിലെ ഉന്നത ശ്രേണിയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിന് വേണ്ട സഹായങ്ങൾ നൽകാനായി സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ഫോക്കസ് ഗ്രൂപ്പ് പ്രക്രിയ വലിയ സാമൂഹിക മാറ്റങ്ങൾ
കൊണ്ടുവരുമെന്ന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.

ഫോക്കസ് ഗ്രൂപ്പ് ചർച്ചയുടെ ജില്ലാതല ഉദ്ഘാടനം ചേലക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കുന്നതിന് ആവിഷ്കരിച്ച സർക്കാർ പദ്ധതിയുടെ ഭാഗമായാണ് അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള ഫോക്കസ് ഗ്രൂപ്പ് ആവിഷ്കരിക്കുന്നത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും വാർഡ് അടിസ്ഥാനത്തിൽ സാമൂഹിക, സന്നദ്ധ സംഘടന പ്രവർത്തകരുടെയും കുടുംബശ്രീ പ്രതിനിധികളുടെയും ഗ്രൂപ്പ് ചർച്ചകൾ നടന്നു.

മൂന്ന് പങ്കാളിത്ത ചർച്ചകളാണ് ഓരോ വാർഡുകളിലായി സംഘടിപ്പിക്കുന്നത്. ഫീൽഡ് പ്രവർത്തനത്തിനായി അയ്യായിരത്തിലധികം പേരെ സജ്ജമാക്കിയിട്ടുണ്ട്.ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ വഴി പഞ്ചായത്ത്, നഗരസഭ, വാർഡ് തലങ്ങളിൽ അതിദരിദ്രരെ കണ്ടെത്തുകയാണ് ലക്ഷ്യം. തദ്ദേശസ്വയംഭരണ വകുപ്പും കിലയും ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്.

ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മുഖ്യാതിഥിയായി. വിവിധ ജനപ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചർച്ചയിൽ പങ്കാളികളായി. അടുത്ത പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി അതിദരിദ്രരുടെ ഉപജീവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബർ 15നകം അന്തിമപട്ടിക പ്രസിദ്ധീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്.