തിരുവനന്തപുരം: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന്  ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയത്. വെമ്പായം പഞ്ചായത്തിലെ കണക്കോട്  പി എച്ച് സി യിൽ നഴ്‌സിംഗ് അസിസ്റ്റന്റിനെ നിയമിക്കണമെന്നും  വെമ്പായം പഞ്ചായത്തിലെ  ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കാട്ടാക്കട ടൗണ് വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും റോഡുകളുടെ സ്ഥിതി മെച്ചപ്പെടുത്തണമെന്നും ഐ ബി സതീഷ് എം എൽ എ പറഞ്ഞു. വിതുര ഗ്രാമപഞ്ചായത്തിൽ പ്രദേശവാസികൾ നേരിടുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിനെതിരെ വനം വകുപ്പ് നടപടി സ്വീകരിക്കണ മെന്നും ഫെൻസിങ്ങുകളും ആനക്കിടങ്ങുകളും നിർമ്മിക്കണമെന്നും ജി സ്റ്റീഫൻ എം എൽ എ പറഞ്ഞു. വനമേഖലയിലെ കുട്ടികൾക്ക് ഓണ്ലൈൻ പഠനത്തിനായി ഇന്റർനെറ്റ് സൗകര്യം വേഗത്തിൽ ലഭ്യമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പോട്ടമാവ് ആദിവാസി കോളനിയിലെ വീടുകൾ ചോർന്നൊലിക്കുന്നതിന് വേഗത്തിൽ പരിഹാരം കാണണമെന്ന് ഡി കെ മുരളി എം എൽ എ പറഞ്ഞു. പൊന്മുടി അപ്പർ സാനറ്റോറിയത്തിലേക്ക് ബസ് സർവീസ് കൃത്യമായി നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വാമനപുരം ചിറ്റാർ – റോഡിൽ അപകടസാധ്യതയുള്ള നാല് ഇലക്ട്രിക്ക്‌ പോസ്റ്റുകൾ അടിയന്തിരമായി  മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാരോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് കെ  ആൻസലൻ എം എൽ എ പറഞ്ഞു. ചിറയിൻകീഴ് റോഡിലെ വലിയ കുഴികൾ അടിയന്തരമായി നികത്തണമെന്നും വിദ്യാർത്ഥികൾക്കായി കൂടുതൽ ബസ് സർവീസുകൾ നടത്തണമെന്നും വി ശശി എം എൽ എ നിർദ്ദേശിച്ചു. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനപ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത്- റവന്യു ഉദ്യോഗസ്ഥർ യോജിച്ച്  പൂർത്തിയാക്കണമെന്ന് വി കെ പ്രശാന്ത് എം എൽ എ പറഞ്ഞു.  കല്ലമ്പലം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും പ്രദേശത്ത് ഉണ്ടാകുന്ന അപകട കാരണങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്നും വി ജോയ് എം എൽ എ പറഞ്ഞു.
റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ സമയപരിധി പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ജില്ലാ പഞ്ചായത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ജില്ലാ വികസന കമ്മീഷണർ ഡോ. വിനയ് ഗോയൽ, എം പി മാരുടെയും എം എൽ എ മാരുടെയും പ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.