കേരളത്തിന്റെ സഹകരണ മേഖലയെ നശിപ്പിക്കാൻ നോക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിഞ്ഞു ജാഗ്രതയോടെയുള്ള ഇടപെടൽ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി സഹകരണ മേഖലയെ കൂടുതൽ കാര്യക്ഷമവും ശക്തവുമാക്കി പ്രതിരോധം തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖല എത്ര ശ്രദ്ധ ആകർഷിക്കുന്നോ അത്രത്തോളമോ അതിൽക്കൂടുതലോ അതിനെതിരായ നീക്കങ്ങളും ശക്തിപ്പെടുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യകരമായ നീക്കമല്ല അത്.
സഹകരണ മേഖലയെ ഏതെല്ലാം രീതിയിൽ തളർത്താൻ കഴിയുമെന്നതിലാണു നോട്ടം. ഇത്തരം നീക്കങ്ങൾ മുൻപും നടന്നിട്ടുണ്ട്. അതിനെയൊക്കെ അതിജീവിക്കാൻ കഴിഞ്ഞു. ഇതു പ്രത്യേക ഘട്ടമായിക്കണ്ട് ഇതിനനുസരിച്ചുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. കേരള ബാങ്കിനും ഇക്കാര്യത്തിൽ കൃത്യമായ ധാരണയുണ്ടാകണം. കേരളത്തിലെ സഹകരണ മേഖലയുടെ, പ്രത്യേകിച്ചു ക്രെഡിറ്റ് മേഖലയുടെ ഭാഗമായാണു കേരള ബാങ്ക് നിൽക്കുന്നത്. കേരള ബാങ്കിനെ ഉന്നമിടുന്നവർ ആദ്യം കേരളത്തിലെ സഹകരണ മേഖലയെ ഉന്നമിടും. സഹകരണ മേഖലയുടെ കരുത്ത് ഇതേ രീതിയിൽ നിൽക്കണം. അതിന് ഉതകുന്ന നടപടികൾ നിതാന്ത ജാഗ്രതയോടെ കേരള ബാങ്ക് സ്വീകരിക്കണം.
കേരള ബാങ്കിൽ അഫിയിലിയേറ്റ് ചെയ്തിട്ടുള്ള നിരവധി പ്രൈമറി ബാങ്കുകളും അർബൻ ബാങ്കുകളും സംസ്ഥാനത്തുണ്ട്. പ്രൈമറി ബാങ്കുകൾക്ക് പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റീസ് എന്നുതന്നെ പറയണമെന്നു ചിലർ ഇപ്പോൾ നിർബന്ധംപിടിക്കുന്നുണ്ട്. പേര് എന്തെന്നല്ല പ്രശ്നം. പ്രൈമറി ബാങ്കുകളാണു കേരളീയ സമൂഹത്തിൽ ബാങ്കിങ് സാക്ഷരതയുണ്ടാക്കിയത്. ബാങ്ക് ഇടപാടുകൾ ഗ്രാമങ്ങളിലടക്കം വ്യാപകമായതും സഹകരണ ബാങ്കുകൾ വഴിയാണ്. ഇതിലൂടെയാണു കേരളത്തിലെ ക്രെഡിറ്റ് മേഖല രാജ്യത്തെ ഏതു സംസ്ഥാനവും അസൂയപ്പെട്ടുപോകുംവിധം വളർന്നത്.
ഇതിനൊപ്പം നിക്ഷേപവും അതിന്റെ ഭാഗമായുള്ള വായ്പാ രീതികളും ബാങ്കുകളുടെ അസാമാന്യ വളച്ചയമുണ്ടായി. ഇതിൽ കണ്ണുകടിയുള്ളവരുണ്ട്. അതു കേരളത്തെ ലക്ഷ്യമിട്ടുള്ളതാണ്. ഇതിനു പിന്നിൽ മറ്റു ചില ലക്ഷ്യങ്ങളമുണ്ടാകും. നാടിനെതിരെയാണ് അതു വരുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരേ കേരള ബാങ്ക് ശക്തമായി നിലകൊള്ളണം. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ പട്ടികയിൽപ്പെടുന്നതും കേരള ബാങ്കിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ എല്ലാ സ്ഥാപനങ്ങളേയും പൂർണ കാര്യക്ഷമതയിലേക്ക് ഉയർത്തണം. അതിന് ഇന്നത്തെ ആധുനിക സാങ്കേതികവിദ്യയുടെ വലിയ തോതിലുള്ള സഹായം സ്വീകരിക്കാനാകണം.
ഓരോ പ്രൈമറി ബാങ്കുകളുമായും കൃത്യമായി ബന്ധപ്പെടാനുള്ള നടപടികളുണ്ടാകണം. എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ വേഗത്തിൽ പൂർത്തിയാക്കണം. നശിപ്പിക്കാൻ നോക്കുന്നവരുടെ ലക്ഷ്യം തിരിച്ചരിഞ്ഞുള്ള ജാഗ്രതയോടെള്ള ഇടപെടലാണു വേണ്ടത്. ഇങ്ങനെയായാൽ കേരളത്തിലെ സഹകരണ മേഖലയെ നശിപ്പിക്കാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയെ ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കാനുള്ള കരുത്ത് സർക്കാരിനുണ്ടെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യത്തിൽ പറയുന്ന കാര്യങ്ങൾ തെറ്റിദ്ധാരണാജനകവും അവാസ്തവവുമാണ്. ഈക്കാര്യത്തിൽ കോടതിയെയടക്കം സമീപിച്ച് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയുടെ സംരക്ഷണത്തിനു കൂട്ടായ പ്രവർത്തനങ്ങളുണ്ടാകണമെന്നു കേരള ബാങ്കിന്റെ പ്രചോദനം ഗീതം പ്രകാശനം ചെയ്തു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സഹകരണ ബാങ്കുകൾ കേരളീയ ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പ്രചോദന ഗീതത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കു പുരസ്‌കാരം നൽകിക്കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
പ്രചോദന ഗീതത്തിന്റെ രചയിതാവ് ജെ.സി. സഹദേവൻ, സംഗീത സംവിധാനം നിർവഹിച്ച എസ്. ശ്രീകുമാർ എന്നിവർക്കു മന്ത്രി പുരസ്‌കാരങ്ങൾ നൽകി. കേരള ബാങ്കിന്റെ ‘ബി ദ നമ്പർ വൺ’ ക്യാംപെയിന്റെ ലോഗോ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പ്രകാശനം ചെയ്തു. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് എന്നിവരും പങ്കെടുത്തു.