ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നായി 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. എറണാകുളം ദർബാർ ഹാളിൽ നടന്ന മത്സരത്തിൽ എറണാകുളം ഗവ.നഴ്സിങ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സുധീന്ദ്ര നഴ്സിങ് കോളേജ് രണ്ടാം സ്ഥാനവും, ഗവ. ലോ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഡിസംബർ 1 ന് പനങ്ങാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കുന്ന ജില്ലാതല ഉദ്ഘാടന സമ്മേളനത്തിൽ വച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. ജില്ലാ ആരോഗ്യ വകുപ്പും, ടൂറിസം പ്രൊമോഷൻ കൗൺസിലും, ജില്ലാ എയ്ഡ്‌സ് കൺട്രോൾ യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 1 ബുധനാഴ്ച്ച 11 മണിക്ക് പനങ്ങാട് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് സെമിനാർ ഹാളിൽ വച്ച് ബഹു. വൈസ് ചാൻസലർ ഡോ. റിജി ജോൺ നിർവഹിക്കും. ബഹു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബേബി തമ്പി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി മുഖ്യ പ്രഭാഷണം നടത്തും.
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി നോർത്ത് സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ നവംബർ 30 ന് വൈകിട്ട് 6 മണിക്ക് ദീപം തെളിയിക്കൽ ചടങ്ങ് നടത്തും.
കൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബോധവത്ക്കരണ കിയോസ്കുകൾ സ്ഥാപിച്ച് ബോധവത്ക്കരണ ക്ലാസുകൾ, സ്ക്രീനിങ്, കൗൺസിലിംഗ് തുടങ്ങിയവ സംഘടിപ്പിക്കും. ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലും ദിനാചരണത്തോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിക്കും.