ജില്ലാതല ഏയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 30 ന് കേരള സംസ്ഥാന ഏയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ തിരിതെളിക്കുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. വൈകീട്ട് ആറിന് കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് പഴയസ്റ്റാന്റ് എന്നിവിടങ്ങളില്‍ തിരിതെളിക്കും.

ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിന് രാവിലെ 11 ന് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാതല പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ക്വിസ് മത്സരം നടക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മ്മാണം, പ്രസംഗ മത്സരം, സ്‌കിറ്റ്, ഫ്‌ലാഷ് മോബ് തുടങ്ങിയ വിപുലമായ പരിപാടികളും സംഘടിപ്പിക്കും.

ജില്ലയിലുള്ളത് 857 എച്ച്.ഐ.വി രോഗബാധിതര്‍

കാസര്‍കോട് ജില്ലയില്‍ നിലവില്‍ 857 എച്ച്.ഐ.വി രോഗബാധിതരാണുള്ളത്. ഇതില്‍ 430 പേര്‍ സ്ത്രീകളും 397 പേര്‍ പുരുഷന്മാരും 14 പേര്‍ ആണ്‍കുട്ടികളും 16 പേര്‍ പെണ്‍കുട്ടികളുമാണ്. എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഏഴ് ജ്യോതിസ് കേന്ദ്രങ്ങളും, 19 ഫെസിലിറ്റേറ്റഡ് ഇന്റഗ്രേറ്റഡ് കൗണ്‍സിലിംഗ് പരിശോധനാ കേന്ദ്രങ്ങള്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ലൈംഗിക രോഗ ചികിത്സാ കേന്ദ്രമായ പുലരി, എച്ച്. ഐ. വി ബാധിതരുടെ ചികിത്സക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഉഷസ്സ്, സ്വവര്‍ഗാനുരാഗികള്‍, സ്ത്രീ ലൈംഗിക തൊഴിലാളികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍സ്, അന്യസംസ്ഥാന തൊഴിലാളികള്‍, ട്രക്കേര്‍സ്, എന്നീ ലക്ഷ്യ വിഭാഗങ്ങള്‍ക്കിടയില്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന അഞ്ച് സുരക്ഷാ പ്രോജക്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എച്ച് ഐ. വി പരിശോധന, എ.ആര്‍.ടി ചികിത്സ എന്നിവ സൗജന്യമാണ്.

ജില്ലയില്‍ 59 എച്ച്.ഐ.വി കേസുകളിലും അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക് അണുബാധ പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എച്ച്.ഐ.വി. ബാധിതനായി ഒരു കുട്ടി പോലും ജനിക്കരുത് എന്ന ലക്ഷ്യത്തോടെ ജില്ലയിലെ മുഴുവന്‍ ഗര്‍ഭിണികളും അവരുടെ ഗര്‍ഭകാലത്തിന്റെ ആദ്യ മൂന്ന് മാസക്കാലയളവിനിടയില്‍ എച്ച്.ഐ.വി പരിശോധനക്ക് വിധേയമാകണം.

എച്ച്.ഐ.വി പോസിറ്റീവ് ആകുകയാണെങ്കില്‍ എ.ആര്‍.ടി ചികിത്സക്ക് വിധേയമായി എച്ച്.ഐ.വി അണുബാധയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാം. ഇതിനായി ജില്ലയുടെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്ക് സൗജന്യ എച്ച്.ഐ.വി പരിശോധനക്കുള്ള സൗകര്യം ലഭ്യമാണ്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ടി.പി.ആമിന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, എന്നിവര്‍ പങ്കെടുത്തു.