ആലപ്പുഴ: കൂടുതല്‍ വിപണന സാധ്യതയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ ശ്രമിക്കണമെന്ന് ഫിഷറീസ് -സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശിച്ചു. പുലിയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സംരംഭകത്വ വികസന പദ്ധതി (ആര്‍കെ.ഐ-ഇ.ഡി.പി)വഴി ആലപ്പുഴ ജില്ലയില്‍ തുടങ്ങിയ 321 സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നാല്‍ ചമ്മന്തിപ്പൊടി, അച്ചാര്‍, പലഹാരങ്ങള്‍ എന്നിവ മാത്രമാണെന്ന ധാരണ മാറ്റാന്‍ കഴിയണം. വിപണിയുടെ മാറ്റം ഉള്‍ക്കൊള്ളുവാനും ഉത്പന്ന നിര്‍മാണത്തിലും വിപണനത്തിലും നൂതന ആശയങ്ങള്‍ സ്വീകരിക്കുവാനും കുടുംബശ്രീക്ക് കഴിയണം.

ഒരേതരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പകരം ഓരോ യൂണിറ്റുകളും വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കണം. ഓണ്‍ലൈന്‍‍ വിപണത്തിന്‍റെ സാധ്യതകൂടി പ്രയോജനപ്പെടുത്താനായാല്‍ വലിയ മുന്നേറ്റം നടത്താനാകും.

കരകൗശല വസ്തുക്കളുടെ നിര്‍മാണവും മത്സ്യകൃഷിയും ഉള്‍പ്പെടെയുള്ള മേഖലകളിലും കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പ്രവാസി ഭദ്രതാ സംരംഭകര്‍ക്കുള്ള ധനസഹായ വിതരണവും അഗ്രി- നൂട്രി ഗാര്‍ഡന്‍ ക്യാമ്പയിനിന്‍റെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു.

പ്രളയത്തെത്തുടര്‍ന്ന് ഉപജീവന മാര്‍ഗം നഷ്ടമായവരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന 15 കോടി രൂപ ചിലവിട്ട് നടപ്പാക്കുന്ന പദ്ധതി വഴി ചെങ്ങന്നൂര്‍, ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളിലാണ് സംരംഭങ്ങള്‍ തുടങ്ങിയത്.

18നും 40നുമിടയില്‍ പ്രായമുള്ള യുവതികളെ ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുക. പരമാവധി 50 പേരാണ് ഓരോ ഗ്രൂപ്പിലുമുള്ളത്. അഭ്യസ്തവിദ്യരായ യുവതികളുടെ മികവ് പ്രയോജനപ്പെടുത്തി സാമൂഹിക വികസനം സാധ്യമാക്കുകയും അവര്‍ക്ക് തൊഴിലവവസരങ്ങള്‍ പരിചയപ്പെടുത്തി വരുമാനത്തിനു വഴിയൊരുക്കുകയുമാണ് ലക്ഷ്യം.

കോവിഡ് കാലത്ത് വിദേശത്തുനിന്നും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായാണ് പേള്‍ പദ്ധതി നടപ്പാക്കുന്നത്.

പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ജി. ശ്രീകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെബിന്‍ പി. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല മോഹന്‍, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വി. വിശ്വംഭരന്‍, മറ്റു ജനപ്രതിനിധികള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു എന്നിവര്‍ പങ്കെടുത്തു.