കടവല്ലൂർ പഞ്ചായത്തിലെ സ്വപ്ന പദ്ധതിയായ കോടത്തുംകുണ്ട് – ഒറ്റപ്പിലാവ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റീ ബിൽഡ് കേരള പദ്ധതിയിൽ റോഡിന് 1 കോടി രൂപയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. കുറ്റിപ്പുറം ദേശീയപാതയിൽ നിന്ന് നിലമ്പൂർ ദേശീയപാതയിലേയ്ക്കുള്ള എളുപ്പമാർഗം കൂടിയായ ഈ റോഡിൻ്റെ നിർമ്മാണം ആരംഭിച്ചതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.

നിർമ്മാണത്തിൻ്റെ ആദ്യപടിയായി റോഡിൽ മണ്ണ് നിരത്തൽ ആരംഭിച്ചു. കോടത്തുംകുണ്ട് മുതൽ കൊരട്ടിക്കര പാടം വരെ റോഡിൽ മണ്ണ് വിരിക്കൽ പൂർത്തിയായി. ഒറ്റപ്പിലാവിലേയ്ക്ക് പോകുന്ന ഭാഗത്ത് ഉടൻ മണ്ണ് വിരിക്കും. എത്രയും വേഗത്തിൽ തന്നെ റോഡ് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദേശിക്കുന്നതെന്ന് കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ഐ രാജേന്ദ്രൻ അറിയിച്ചു.

റോഡ് യാഥാർത്ഥ്യമാവുന്നതോടെ കോടത്തുംകുണ്ട്, കൊരട്ടിക്കര, ഒറ്റപ്പിലാവ് നിവാസികൾക്ക് പ്രധാന റോഡുകളിലേക്ക് 6 കിലോമീറ്റർ വരെ ലാഭിക്കാനാവും. ചാലിശ്ശേരി, കൂറ്റനാട്, പട്ടാമ്പി തുടങ്ങിയ ഭാഗങ്ങളിലേക്ക് കൊരട്ടിക്കര, കോടത്തുംകുണ്ട് ഭാഗങ്ങളിൽ ഉള്ളവർക്കും ചങ്ങരംകുളം, എടപ്പാൾ, കുറ്റിപ്പുറം എന്നിവിടങ്ങളിലേക്ക് ഒറ്റപ്പിലാവ് ഭാഗത്തുള്ളവർക്കും എളുപ്പത്തിൽ എത്താൻ കഴിയും.