സംസ്ഥാനത്ത് ഘട്ടം ഘട്ടമായി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കാൻ ലക്ഷ്യമിടുമ്പോൾ സംസ്ഥാനം 2025 ഓടെ ലക്ഷ്യം കൈവരിക്കും.

എയ്ഡ്സ് രോഗികൾ കുറവുള്ള കേരളത്തിന് ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കും. ഈ വർഷം 1000ൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 17,000 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 2025ന് ശേഷം ഒരു കേസും റിപ്പോർട്ട് ചെയ്യാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കണം. അതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

‘അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം’ എന്ന ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം എല്ലാവരും ഉൾക്കൊള്ളണം. വർണ, വർഗ, ലിംഗ, അസമത്വങ്ങൾ ഇല്ലാതാക്കികൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കികൊണ്ടും മാത്രമേ എയ്ഡ്സിനെയും കോവിഡ് പോലെയുള്ള മഹാമാരികളെയും ഇല്ലാതാക്കാൻ സാധിക്കുകയുള്ളു. എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണം. അവരെ സമൂഹത്തിന്റെ ഭാഗമായി ഒപ്പം നിർത്തണം. ബോധവത്ക്കരണം പ്രധാന ഘടകമാണ്. കേരളത്തിന് പുറത്തും ധാരാളം പേർ ജോലിചെയ്യുന്നുണ്ട്. ബോധവത്ക്കരണം അവരിലുമെത്തണം. ലക്ഷ്യം കൈവരിക്കാൻ അവരുടെ കൂടി സഹകരണം ആവശ്യമാണ്.

ചികിത്സാ സഹായം, പോഷകാഹാരം, ലൈഫ് പദ്ധതിയിൽ മുൻഗണന തുടങ്ങി ഇവരുടെ ക്ഷേമത്തിനായി സർക്കാർ നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഒട്ടേറെ വ്യക്തികൾ, സന്നദ്ധപ്രവർത്തകർ, സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് ഇവർക്കായി പ്രവർത്തിക്കുന്നത്. എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. 2025ൽ ലക്ഷ്യം കൈവരിക്കേണ്ട സ്റ്റേറ്റ് സ്ട്രാറ്റജിക് പ്ലാൻ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എച്ച്.ഐ.വി. അവബോധ എക്സിബിഷൻ, ബോധവത്ക്കരണ ക്ലാസുകൾ തുടങ്ങി വിവിധ പരിപാടികൾ നടന്നു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആർ. രമേഷ്, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, സി.പി.കെ. പ്ലസ് പ്രസിഡന്റ് ജോസഫ് മാത്യു, ജോ. ഡയറക്ടർ രശ്മി മാധവൻ, ടി.എസ്.യു. ടീം ലീഡർ ഡോ. ഹരികുമാർ എന്നിവർ പങ്കെടുത്തു.