ഇടുക്കി: സമഗ്രശിക്ഷ കേരളയും നെടുങ്കണ്ടം ബി.ആര്‍.സി യുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്‌കൂളില്‍ നടത്തിയ ‘വര്‍ണശലഭങ്ങള്‍’ എന്ന് പേരിട്ടിരുന്ന ഭിന്നശേഷി ദിനാഘോഷവും, വാരാചരണ സമാപന സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് സമൂഹവുമായി ഇടപഴകാനുള്ള അവസരം ഒരുക്കുക, ജീവിതാവസാനം വരെ സുരക്ഷ ഉറപ്പാക്കുക, സാമൂഹിക അവബോധം വളര്‍ത്തുക, ഭിന്നശേഷി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ നമുക്ക് ചെയ്യാനുണ്ട്. ഇത് നിര്‍വഹിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഭിന്നശേഷി ദിന സന്ദേശം നല്‍കി. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ സമൂഹത്തിലെ മുന്‍നിരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭിന്നശേഷി ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ ഏഷ്യന്‍ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സില്‍ ഇടം പിടിച്ച ഭിന്നശേഷി പ്രതിഭ മുണ്ടിയെരുമ സ്വദേശി നിഷാന്തിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി ഉഷാകുമാരി പൊന്നാട അണിയിച്ച് ആദരിച്ചു. ചലച്ചിത്ര താരവും എം.പിയുമായ സുരേഷ് ഗോപിയുടെ ചിത്രം ആണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചാണ് ഏഷ്യന്‍ ബുക്ക്‌സ് ഓഫ് റെക്കോഡ്‌സില്‍ നിഷാന്ത് ഇടം പിടിച്ചത്.

ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി ഗൃഹാധിഷ്ഠിത ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടത്തി. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കഴിഞ്ഞ ദിവസങ്ങളില്‍ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി നെടുങ്കണ്ടം ടൗണില്‍ വിളംബര റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചിരുന്നു.

നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ വിജിമോള്‍ വിജയന്‍, ബിന്ദു സഹദേവന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ എം.കെ ലോഹിതദാസന്‍, നെടുങ്കണ്ടം എ.ഇ.ഒ, കെ. സുരേഷ് കുമാര്‍, സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എ.കെ യാസിര്‍, ബിആര്‍സി നെടുങ്കണ്ടം ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പി.കെ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.