സംസ്ഥാനത്ത് ലേബര്‍ ബാങ്ക് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കൊല്ലം ചവറയില്‍  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
  ലേബര്‍ കമ്മീഷണറേറ്റ്, വ്യാവസായിക പരിശീലന വകുപ്പ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സ്‌ലന്‍സ്, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയുമായി ചേര്‍ന്ന്  ലേബര്‍ ബാങ്ക് രൂപീകരിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
പുതിയ സ്ഥാപനത്തിലെ കോഴ്‌സുകള്‍ നിര്‍മ്മാണമേഖലയിലെ വിപുലമായ സാധ്യതകളാണ് യുവാക്കള്‍ക്കുമുമ്പില്‍ തുറന്നിടുന്നത്.
തൊഴില്‍പരിശീലന സ്ഥാപനങ്ങളുടെ നിലവാരവും അടിസ്ഥാനസൗകര്യങ്ങളും  വര്‍ധിപ്പിച്ചും കൂടുതല്‍ എണ്ണം ആരംഭിച്ചും തൊഴില്‍നൈപുണ്യം കാലികമായി വികസിപ്പിച്ചും യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കും. നൈപുണ്യശേഷി വര്‍ധിപ്പിച്ച് പുതിയ തൊഴില്‍ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് മുന്‍ഗണന.  പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് രണ്ടുവര്‍ഷത്തിനിടയില്‍ സൃഷ്ടിക്കാനായി.
കേരള അക്കാദമി േഫാര്‍ സ്‌കില്‍സ് എക്‌സലന്‍സിനു പുറമെ കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകള്‍, എംപ്ലോയബിലിറ്റി സെന്ററുകള്‍ തുടങ്ങിയവ മുഖേനയും വിവിധ നൈപുണ്യ വികസനപദ്ധതികള്‍ നടപ്പാക്കിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.