കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഫണ്ടിംഗ് ഏജന്‍സിയായ എ.ഫ്.ഡിയുടെ പ്രതിനിധികള്‍ കൊച്ചി മെട്രോ സന്ദര്‍ശിച്ചു. എ.എഫ്.ഡി ഇന്ത്യ അര്‍ബന്‍ ഡെവലപ്‌മെന്റ് സെക്ടര്‍ പോര്‍ട്‌ഫോളിയോ മാനേജര്‍ ജ്യോതി വിജയന്‍ നായര്‍, അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍ പോര്‍ട് ഫോളിയോ മാനേജര്‍ രജ്‌നിഷ് അഹുജ എന്നിവരടങ്ങിയ സംഘം മുട്ടം യാര്‍ഡ് സന്ദര്‍ശിച്ചശേഷം നോണ്‍ മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് സംബന്ധിച്ച് കെ.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കൊച്ചി മൈട്രോ കൈക്കൊള്ളുന്ന നടപടികളെ എടുത്തുകാട്ടിയ സംഘം കെ.എം.ആര്‍.എല്‍ സ്വീകരിക്കുന്ന ഹരിത മുന്‍കൈ നടപടികളെ അഭിനന്ദിച്ചു. 40 ശതമാനം വൈദ്യുതി ആവശ്യവും സോളാറില്‍ നിന്ന് നിറേവേറ്റുന്നതില്‍ കെ.എം.ആര്‍.എലിനെ അഭിനന്ദിച്ച സംഘം ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ 60 ശതമാനവും പാരമ്പര്യേതര ഉറവിടങ്ങളില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിക്കുന്ന സ്ഥാപനമായി മാറുമെന്നും അത് വലിയ നേട്ടമാണെന്നും ചൂണ്ടിക്കാട്ടി. പൂര്‍ണമായും വനിതകള്‍ പ്രവര്‍ത്തിപ്പിക്കുന്ന മുട്ടം സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി നോക്കി മനസിലാക്കിയ സംഘം സ്ഥാപനത്തില്‍ നടപ്പാക്കിയ ലിംഗ സൗഹൃദ നടപടികള്‍ മാതൃകാപരമാണ് എന്ന് ചൂണ്ടിക്കാട്ടി. എ.എഫ്.ഡി ആര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ സൗത്ത് ഏഷ്യ ടാസ്‌ക് ടീം ലീഡര്‍ ബഞ്ചമിന്‍ ഫുവാന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഫോട്ടോ- കൊച്ചി മെട്രോയുടെ ഫണ്ടിംഗ് ഏജന്‍സിയായ എ.എഫ്.ഡി പ്രതിനിധികള്‍ കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോകനാഥ് ബെഹ്‌റയുമായി ചര്‍ച്ച നടത്തുന്നു