അമരവിളയിലെ ചരിത്രമാളികയിലും പരിസരത്തുമായി സംഘടിപ്പിക്കുന്ന ഓണനിലാവ് കാർഷികോത്സവം പുതുമയും പഴമയും ഒന്നിക്കുന്ന കാഴ്ച വിരുന്നാവും. ജൈവകൃഷിക്കുള്ള പ്രേരകശക്തിയായി കലാരൂപങ്ങളെ ഉപയോഗിക്കണമെന്ന ദർശനം മുന്നോട്ടു വയ്ക്കുന്ന ഓർഗാനിക് തിയറ്ററും കാർഷികോത്സവത്തിന്റെ ഭാഗമാകും. ഓഗസ്റ്റ് 19 മുതൽ 29 വരെയാണ് പരിപാടി.
വിവാ കൾച്ചറൽ ഡെവലപ്‌മെന്റ് ഓർഗനൈസഷൻ ആണ് ഓർഗാനിക് തിയറ്റർ സംഘടിപ്പിക്കുന്നത്. പഴയകാല കാർഷിക ഉപകരണങ്ങൾ, നൂറ്റിയൊന്ന് ഇനം നെൽവിത്തുകൾ, അറുപതിൽപ്പരം ചക്ക ഇനങ്ങൾ, വിവിധ തരം മൺപാത്രങ്ങൾ തുടങ്ങിയവയുടെ പ്രദർശന – വിപണനം മേളയിലുണ്ടാകും. കാർഷിക കലാരൂപങ്ങളുടെ പുനരാവിഷ്‌കരണവും മേളയ്ക്ക് മാറ്റുകൂട്ടും. കലാപരിപാടികൾ, കാർഷിക സെമിനാറുകൾ, ചർച്ചകൾ സാംസ്‌കാരിക സദസ്്, കവി സമ്മേളനങ്ങൾ എന്നിവയും ഇതോടൊപ്പം നടക്കും.
വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ ഓണനിലാവിൽ സജ്ജമാക്കും. വിവിധതരം അളവുകോലുകൾ, വൈദ്യുതി വരുന്നതിനു മുൻപ് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനം മറ്റൊരു പ്രത്യേകതയാണ്. പായസമേള, ഫോട്ടോഗ്രാഫി പ്രദർശനം എന്നിവ കാർഷികോത്സവത്തിന്റെ ഭാഗമാകും. ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് ആയിരത്തിൽപ്പരം കാർഷിക, പുരാവസ്തു ഉപകരണങ്ങൾ കൊണ്ടുള്ള അത്തപൂക്കളമായിരിക്കും പ്രധാന ആകർഷണം.
ത്രിതല പഞ്ചായത്തുകൾ, ചെങ്കൽ കൃഷിഭവൻ, കൃഷി വകുപ്പ്, സാംസ്‌കാരിക വകുപ്പ്, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കാർഷികോത്സവം സംഘടിപ്പിക്കുന്നത്. കാർഷികോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണയോഗം ചരിത്രമാളികയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘ രൂപീകരണ യോഗത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. കെ. ആൻസലൻ എം.എൽ.എ കാർഷികോത്സവ ലോഗോ പ്രകാശനം ചെയ്തു.
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ അധ്യക്ഷത വഹിച്ച യോഗത്തിൽ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. ഷീജ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം വിനോദ് വൈശാഖി, വിവ സെക്രട്ടറി എസ്.എൻ. സുധീർ, ചെങ്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷിനു, കേരള അഗ്രോ മിനിസ്ട്രി കോർപറേഷൻ വൈസ് ചെയർമാൻ എസ്. സുരേഷ് കുമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ആർ. വിൻസെന്റ്, ദിലീപ്, പച്ചക്കറി ക്ലസ്റ്റർ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.