വാഹനങ്ങൾ വഴി തിരിച്ചു വിടും
കാലടി ശ്രീശങ്കര പാലത്തിൽ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട് ഡിസംബർ 13 മുതൽ 18 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിക്കും. 19 മുതൽ 21 വരെ നിയന്ത്രിത തോതിലുള്ള ഗതാഗതം അനുവദിക്കും. വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. നിയന്ത്രണങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ജാഫർ മാലികിന്റെ നേതൃത്വത്തിൽ എം എൽ എ മാരായ അൻവർ സാദത്ത്, റോജി.എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, കാലടി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ, പോലീസ് , ബ്രിഡ്ജസ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുമായി യോഗം ചേർന്നു.
ശബരിമല തീർത്ഥാടകർക്കും പ്രദേശത്തെ വിദ്യാർത്ഥികൾക്കും തടസമില്ലാത്ത യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്ന് എം എൽ എ മാർ യോഗത്തിൽ ആവശ്യപ്പെട്ടു. കൂടുതൽ പോലീസിനെ ഏർപ്പെടുത്തി ജനങ്ങൾക്ക് ആശങ്കയില്ലാത്ത രീതിയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും ജനപ്രതിനിധികൾ ആവശ്യം ഉന്നയിച്ചു.
ഗതാഗതം തിരിച്ചു വിടുന്ന റോഡുകളുടെ അറ്റകുറ്റ പണികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് കളക്ടർ യോഗത്തിൽ അറിയിച്ചു. ഗൂഗിൾ മാപിലും പാലം അടച്ച വിവരം റിപ്പോർട്ട് ചെയ്യും. ഗൂഗിൾ മാപ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന ശബരിമല തീർത്ഥാടകർക്ക് ഇത് ഉപകാരപ്പെടും. രാത്രിയിലും സാങ്കേതിക പരിശോധന തുടരുന്നതിനാൽ 24 മണിക്കൂറും ഗതാഗതം പൂർണമായും നിരോധിക്കും. നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിനായി കൂടുതൽ പോലീസിനെ വിന്യസിക്കാനും യോഗത്തിൽ തീരുമാനിച്ചു. വാഹനങ്ങൾ തിരിച്ചു വിടുന്ന വഴികളിൽ കൃത്യമായ ദിശാ ബോർഡും സ്ഥാപിക്കും.
എം.സി റോഡിൽ കാലടി ശ്രീ ശങ്കരപ്പാലം അറ്റകുറ്റപ്പണിക്ക് മുന്നോടിയായാണ് നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നത്. ദല്‍ഹിയിലെ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തെ കേരള ഹൈവെ റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഡിസംബര്‍ 12 മുതല്‍ പഠനം നടത്തുന്നത്.
…………..
മൂവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരിച്ചു വിടേണ്ട വഴി
അങ്കമാലി ഭാഗത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആലുവയിലെത്തി അവിടെ നിന്നും ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ പെരുമ്പാവൂരിലെത്തി യാത്ര തുടരാവുന്നതാണ്.
അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മറ്റൂർ ജംഗ്ഷനിലോ കാലടി ജംഗ്ഷനിലോ ഇടത്തോട്ട് തിരിഞ്ഞു കാലടി മലയാറ്റൂർ റോഡിലൂടെ സഞ്ചരിച്ചു മലയാറ്റൂർ കോടനാട് പാലം, കോടനാട് വല്ലം റോഡ് വഴി വല്ലം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പെരുമ്പാവൂർ ഭാഗത്തേക്ക് യാത്ര തുടരാവുന്നതാണ്.
അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരിച്ചു വിടേണ്ട വഴി
മൂവാറ്റുപുഴ ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ട് തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ ആലുവയിൽ എത്തി അങ്കമാലി വഴി യാത്ര തുടരാവുന്നതാണ്.
മൂവാറ്റുപുഴ ഭാഗത്തു നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വല്ലം ജംഗ്ഷനിൽ വലത്തോട്ട് തിരിഞ്ഞ് വല്ലം കോടനാട് റോഡിലൂടെ മലയാറ്റൂർ – കോടനാട് പാലം ,കാലടി – മലയാറ്റൂർ റോഡ് വഴി കാലടി ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് യാത്ര തുടരാവുന്നതാണ്.
മൂവാറ്റുപുഴ ഭാഗത്തുനിന്നും എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ തിരിച്ചു വിടേണ്ട വഴി
മൂവാറ്റുപുഴ ഭാഗത്തുനിന്നും എയർപോർട്ടിലേക്ക് വരേണ്ട വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ടു തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ വന്ന് മഹിളാലയം – തുരുത്ത് പാലം കടന്ന് വലത്തോട്ട് കാലടി ആലുവ റോഡ് , ചൊവ്വര -നെടുവന്നൂർ – ആവണംകോട് റോഡിലൂടെ എയർപോർട്ടിൽ എത്തിച്ചേരാവുന്നതാണ്. എയർപോർട്ടിൽ നിന്നും തിരികെ പോകേണ്ട വാഹനങ്ങൾക്കും ഈ റൂട്ടിലൂടെ സഞ്ചരിക്കാവുന്നതാണ്.
എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ വന്ന് തിരുവൈരാണിക്കുളം പാലത്തിലൂടെ കാഞ്ഞൂരിലെത്തി കാലടി ആലുവ റോഡ് ചൊവ്വര -നെടുവന്നൂർ – ആവണംകോട് റോഡിലൂടെ എയർപോർട്ടിൽ എത്തിച്ചേരാവുന്നതാണ്.