കുണ്ടുകാട് – കട്ടിലപൂവ്വം പാണ്ടിപറമ്പ് റോഡ് റവന്യൂ മന്ത്രി കെ രാജൻ സന്ദർശിച്ചു. നബാർഡിൽ നിന്ന് 11,97, 21,000 കോടി രൂപ ചെലവഴിച്ചാണ് കുണ്ടുകാട് – കട്ടിലപൂവ്വം -പാണ്ടിപറമ്പ് റോഡ് നിർമ്മിക്കുന്നത്. 7 വർഷം ഗ്യാരണ്ടിയോട് കൂടിയാണ് പുതിയ റോഡ് നിർമ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ മലയോര മേഖലയിൽ എല്ലാവിധ സൗകര്യങ്ങളും എത്തുമെന്നും മന്ത്രി പറഞ്ഞു. മൂന്നര മീറ്റർ വീതിയുള്ള റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ അഞ്ചര മീറ്റർ വീതിയാകും. റോഡ് പണി തുടങ്ങുന്നതിന്റെ ഭാഗമായി കുടിവെള്ള പൈപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച്ച രാവിലെ 10ന് വാട്ടർ അതോറിറ്റി, പിഡബ്ല്യൂഡി, പഞ്ചായത്ത് അംഗങ്ങൾ, ജലനിധി പ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു.മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ 46 കോടിയുടെ ജല ജീവൻ മിഷൻ പദ്ധതിയാണ് വരുന്നത്. ഇതോടൊപ്പം റോഡ് നിർമ്മാണവും സുഗമമാക്കാൻ ജലമന്ത്രിയുമായി പദ്ധതി നിർമ്മാണത്തെക്കുറിച്ച് സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.