സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും മൊബൈൽ വെറ്റിനറി യൂണിറ്റ് ആരംഭിക്കുമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കുന്നുമ്മൽ ബ്ലോക്ക് ക്ഷീര കർഷക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാത്രിയിലും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനും വീടുകളിലെത്തി ചികിത്സ നൽകാനും മൊബൈൽ വെറ്റിനറി യൂണിറ്റ് വഴി സാധിക്കും. കൂടാതെ എല്ലാ ജില്ലയിലും ഉടൻ ടെലി വെറ്റിനറി യൂണിറ്റുകൾ തുടങ്ങും. പശുക്കളുടെ എക്സ്റേ എടുക്കുന്നതിന് ഉൾപ്പെടെ എല്ലാ സംവിധാനങ്ങളുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ ക്ഷീരഗ്രാമം പദ്ധതിക്കായി പ്രത്യേക പോർട്ടൽ നിർമ്മിച്ചിട്ടുണ്ട്. ഇതിലൂടെ കർഷകർക്ക് നേരിട്ട് അപേക്ഷ നൽകാം. ഒരു കർഷകന്റെ അപേക്ഷ പോലും ലഭിക്കാതെ പോവില്ലെന്ന് മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ മേഖലയിൽ വലിയ മാറ്റങ്ങളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പാലിന് വില ലഭിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കണം. കർഷകർക്ക് ഉൽപ്പാദനച്ചെലവ് കുറച്ചു വരുന്നതിനുള്ള പദ്ധതിയും ആവിഷ്കരിക്കും. മിച്ചമുള്ള സ്ഥലം കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുന്നതിന് തീറ്റപ്പുൽ കൃഷി ഉൾപ്പെടെ പ്രത്യേകം പദ്ധതികൾ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് പത്തു പഞ്ചായത്തുകളെയാണ് 2021-22 വർഷത്തിൽ ക്ഷീരഗ്രാമം പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. അതിലൊന്നാണ് വേളം പഞ്ചായത്ത്.
ബ്ലോക്ക് തലത്തിലെ മികച്ച ക്ഷീര കർഷകനെ ആദരിക്കൽ ഇ.കെ വിജയൻ എം.എൽ.എ നിർവഹിച്ചു. മികച്ച ക്ഷീര സംഘങ്ങൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ക്ഷീരകര്‍ഷക ക്ഷേമനിധി ധനസഹായ വിതരണം ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എന്‍. രാജന് നിര്‍വഹിച്ചു. ബ്ലോക്ക് തലത്തിലെ മുതിര്‍ന്ന ക്ഷീരകര്‍ഷകനെ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍് കെ.പി ചന്ദ്രി ആദരിച്ചു.
പരിപാടിയോടനുബന്ധിച്ച് ഗോ സുരക്ഷാ ക്യാമ്പ്, ഡയറി ക്വിസ്, ഡയറി എക്സിബിഷൻ, ക്ഷീര വികസന സെമിനാർ, ക്ഷീരകർഷകരെ ആദരിക്കൽ, സമ്മാനദാനം എന്നിവയും ഉണ്ടായിരിന്നു.