ചേർപ്പ് പാടശേഖരങ്ങളിൽ ബാക്ടീരിയ ബാധിച്ചതുമൂലം കൃഷിനശിച്ച കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
500 ഏക്കറിൽ 300 ഏക്കറിലും കൊയ്ത്തിനു തയ്യാറെടുക്കുന്ന നെല്ലുകളിൽ ബാക്ടീരിയ ബാധിച്ച പാറളം, ചാഴൂർ സംയുക്ത കോൾപ്പടവിലെ പള്ളിപ്പുറം കോൾപ്പടവിൽ റവന്യൂമന്ത്രി കെ രാജൻ, സി സി മുകുന്ദൻ എം എൽ എ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർക്കൊപ്പം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രദേശത്തെ കേടുവന്ന നെല്ല് മന്ത്രി പരിശോധിച്ചു. മേഖലയിൽ കൃഷിനാശം സംഭവിച്ച കാര്യം സി.സി. മുകുന്ദൻ എം.എൽ.എ., ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ, പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ എന്നിവർ മന്ത്രിമാരെ നേരിൽ കണ്ട് അറിയിച്ചിരുന്നു. തുടർന്ന് രോഗം ബാധിച്ച പടവുകളിൽ കൃഷിവകുപ്പ് നിർദേശിച്ചപ്രകാരമുള്ള മരുന്ന് പ്രയോഗവും തുടങ്ങിയെന്നും അതിനു ശേഷം രോഗബാധ കുറഞ്ഞു വരുന്നതായും മന്ത്രി ധരിപ്പിച്ചു. കർഷകരുടെ പ്രശ്നങ്ങൾ ഏറെ വലുതാണ്. പ്രതീക്ഷിക്കാത്ത കാലാവസ്ഥ വ്യതിയാനമാണ് സംഭവിച്ചത്. എന്നാൽ അതിനെ പ്രതിരോധിക്കാൻ കുറച്ചൊക്കെ സാധിച്ചതായും കൃഷിമന്ത്രി വ്യക്തമാക്കി.കർഷകരുടെ പ്രശ്നങ്ങൾ ആർജവപൂർവ്വം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരും. എല്ലാ കർഷകരെയും കൂട്ടിച്ചേർത്ത് ജില്ലാ കൃഷി പ്രിൻസിപ്പൽ, കാർഷിക സർവകലാശാല മേധാവികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ 13 ന് ഓൺലൈൻ പരിശീലനം നടത്തും. കൂടാതെ പാടശേഖരങ്ങളിൽ നെല്ലിനു കേടു സംഭവിക്കാതിരിക്കാനുള്ള പ്രത്യേക മാർഗനിർദ്ദേശവും നൽകിക്കഴിഞ്ഞതായും കൃഷിമന്ത്രി അറിയിച്ചു. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമം ഊർജിതപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ, പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി വി ജയശ്രീ, കാർഷിക സർവകലാശാല ഡയക്ടർ റിസർച്ച് മധു സുബ്രഹ്മണ്യൻ, ഡെപ്യൂട്ടി ഡയറക്ടർ വാട്ടർ മാനേജ്മെൻ്റ് വി സന്ധ്യ, കോൾ ഡവലപ്മെൻ്റ് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ടി പി ബൈജു, ഡോ. സൈനമോൾ കുര്യൻ, ഡോ. രഞ്ജിത്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വിവൻസി, മറ്റ് കൃഷിവകുപ്പു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.