പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേൽ്ക്കാൻ ഔദ്യോഗിക തലത്തിലുള്ള ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തുടർച്ചയായുള്ള മഴ മൂലം അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കുന്നതിൽ തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പതിനഞ്ച് ദിയസങ്ങൾക്കുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനുള്ള പ്രവർത്തനങ്ങൾ ജില്ലാ കലക്ടറുടെ നേത്യത്വത്തിൽ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും വിവിധ സംഗടനകളുടെയും സഹകരണത്തോടെ പൂർത്തിയാക്കും. ഈ നീലക്കുറിഞ്ഞി കാലത്തെ മൂന്നാറിന്റെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമാക്കി തീർക്കാനുള്ള നടപടികൾ ത്വരിതഗതിയിൽ നടപ്പാക്കും. സർക്കാർ ഇതിനാവി 2.19 കോടി രൂപ വിവിധ വകുപ്പുകൾക്കായി നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സുഗമമായ ഗതാഗതത്തിന് റോഡുകളുടെ അറ്റകുറ്റപണികളും ആവശ്യമായ ഇടങ്ങളിൽ ക്രാഷ് ഗാർഡുകൾ സ്ഥാപിക്കും. പാർക്കിംഗിനും ആവശ്യമായ ക്രമീകരണങ്ങൾ മൂന്നാറിലെ വിവിധ സ്ഥലങ്ങളിലായി നടന്നുവരികയാണ്. ആധുനിക താത്കാലിക ടോയ്‌ലെറ്റു സംവിധാനങ്ങൾ ഒരുക്കാൻ രണ്ടു ദിവസങ്ങൾ മതിയാകും. വലിയ വാഹങ്ങൾ മൂന്നാർ കെഎസ്ആർടിസി സ്റ്റേഷനു സമീപമുള്ള ഹൈ ആൾട്ടിറ്റിയൂഡ് സെന്റർ കേന്ദ്രീകരിച്ച് പാർക്കിംഗ് ഒരുക്കി, വനം വകുപ്പിന്റെയും കെഎസ്ആർടിസിയുടെയും ബസുകളിൽ ഇരവികുളത്തേക്ക് സൗകര്യമൊരുക്കും. പ്രാദേശിക ഓട്ടോ ടാക്‌സികൾക്കും സഞ്ചാരികളെ കൊണ്ടുപോകുന്നതിന് സൗകര്യമുണ്ടാകും. ആതുരസേവനം ലഭ്യമാക്കാൻ രണ്ട് മെഡിക്കൽ ടീമുകൾ ഇരവികുളത്തും മൂന്നാറിലും പ്രവർത്തന സജ്ജമാക്കും. എഎൽഎസ് ആംബുലൻസ് സൗകര്യമുൾപ്പെടെ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഹെൽത്ത് ഡയറക്ടറുമായി ബന്ധപ്പെട്ട് സംവിധാനമുണ്ടാക്കും. കുടിവെള്ളത്തിനും ന്യായ വിലയ്ക്ക് ഭക്ഷണ സൗകര്യം ഏർപ്പെടുത്തും. സമീപ പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളെ ചുമതലപ്പെടുത്തും. വിവിധ വകുപ്പുകളുടെ ചുമതലയിൽ ചെയ്തു തീർക്കേണ്ട ജോലികൾ അടിയന്തരമായി പൂർത്തിയാക്കുന്നത് മോണിറ്റർ ചെയ്യുന്നതിന് ഉദ്യോഗസ്ഥ തലത്തിലും ജനപ്രതിനിധികളുടെ തലത്തിലും രണ്ട് സമിതികൾ ഉണ്ടാകും. ഇതിന് ജില്ലാ കലക്ടർ നേത്യത്വം നൽകും.
ഗസുരക്ഷ ഒരുക്കാൻ 369 പേരടങ്ങുന്ന പോലീസ് സേന ഉണ്ടാകും. ട്രാഫിക് നിയന്ത്രണത്തിനും പാർക്കിംഗിനും സഹായകമായവിധം സിസിടിവി സംവിധാനം ഉണ്ടാകും. മൂന്നു മാസത്തെ കുറിഞ്ഞി സീസണിൽ വിദേശ സ്വദേശീയരായ സഞ്ചാരികൾക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുന്നതിന് ഉദ്യോഗസ്ഥ സംവിധാനവും പൊതുജനങ്ങളും ജനപ്രതിനിധികളും വ്യാപാരി വ്യവസായി സമൂഹവും തൊഴിലാളികളും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കുറിഞ്ഞി സീസൺ മുന്നിൽ കണ്ട് ഇതുവരെ നടത്തിയ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിന് മൂന്നാർ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി ബാലകിരൺ, അസി.ഡയറക്ടർ മ്യൺമയിജോഷി, ജില്ലാ കലക്ടർ കെ ജീവൻബാബു,ഡിവൈഎസ്പി ഡി എസ് സുരേഷ്ബാബു, വൈൽഡ് ലൈഫ് വാർഡൻ ആർ ലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.