സാഫിന്‍റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനായി 17.8 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൊടുങ്ങല്ലൂര്‍ ടൗണ്‍ഹാളില്‍ ജില്ലാതല തീരമൈത്രി കുടുംബസംഗമവും ഇന്‍ഷുറന്‍സ്-അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാഫിന്‍റെ പ്രവര്‍ത്തനം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം സ്ത്രീകളെ ശാക്തീകരിക്കുകയും കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയുമാണ് ലക്ഷ്യം. രണ്ട് വര്‍ഷത്തിനുള്ളില്‍ രാസവസ്തുക്കള്‍ കലരാത്ത തദ്ദേശ മല്‍സ്യങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി ജനങ്ങളിലെത്തിക്കുമെന്നും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ 11 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ അവാര്‍ഡ് 39 പേര്‍ക്കും അപകട ഇന്‍ഷുറന്‍സ് 370 പേര്‍ക്കും ചികില്‍സ സഹായമായി 5 പേര്‍ക്ക് 10000 രൂപവീതവും പ്രവര്‍ത്തനമൂലധനമായി 17 പേര്‍ക്ക് 5000 രൂപവീതം സാങ്കേതിക ഉന്നതിക്കായി 25000 രൂപവീതം 24 പേര്‍ക്കുള്ള ആനുകൂല്യങ്ങളുമാണ് വിതരണം ചെയ്തത്. അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അദ്ധ്യക്ഷതവഹിച്ചു, ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
