കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രം സംഘടിപ്പിക്കുന്ന ജില്ലാ തല ക്രിസ്തുമസ്-പുതുവത്സര ഖാദി മേളക്ക് തുടക്കമായി. ഖാദി ഗ്രാമ സൗഭാഗ്യയിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷനായി. മേയർ അഡ്വ. ടി ഒ മോഹനൻ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാന്റെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഖാദി ബോർഡ് കണ്ണൂരിൽ പുതുതായി ഇറക്കുന്ന ശ്രീകൃഷ്ണപുരം ഖാദി സ്‌പെഷ്യൽ പട്ടാണ് ഈ വർഷത്തെ മേളയുടെ പ്രധാന ആകർഷണം.

6600 മുതൽ 9800 രൂപ വരെ വിലയുള്ള പട്ടുസാരികൾക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും. ഖാദി സിൽക്ക് സാരി, ജൂട്ട് സാരി, പ്രിന്റഡ് സാരി, പയ്യന്നൂർ പട്ടുസാരി, കോട്ടൻ സാരി, കോട്ടയം സിൽക്ക് ഷർട്ട് പീസ്, ഡാക്ക മസ്ലിൻ ഷർട്ട് പീസ്, സമ്മർ കൂൾ ഷർട്ടുകൾ, ദോത്തികൾ, കാവിമുണ്ട് തുടങ്ങിയവയും മേളയിൽ ലഭ്യമാണ്. 10 മുതൽ 30 ശതമാനം വരെയാണ് റിബേറ്റ്. സർക്കാർ ഉദ്യോഗസ്ഥർക്ക് 50,000 രൂപ വരെയുള്ള ഖാദി ഉൽപ്പന്നങ്ങൾ തവണകളായി തിരിച്ചടക്കാവുന്ന രീതിയിൽ ഇൻസ്റ്റാൾമെന്റ് സൗകര്യവും ലഭിക്കും.

മുന്നോക്ക സമുദായ കോർപ്പറേഷൻ ബോർഡ് അംഗം കെ സി സോമൻ നമ്പ്യാർ ആദ്യ വിൽപന ഏറ്റുവാങ്ങി.  കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, പയ്യന്നൂർ ഖാദി സെന്റർ ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, ജില്ലാ ഖാദിഗ്രാമ പ്രൊജക്ട് ഓഫീസർ ഐ കെ അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.