ദേശീയപാത 544ല്‍ ഇരുമ്പുപ്പാലം മുതല്‍ വഴുക്കുമ്പാറ വരെയുള്ള ഭാഗങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ ജൂലായ് 22 മുതല്‍ അടയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍ദേശിച്ചു. കനത്തമഴയില്‍ കുഴികള്‍ രൂപപ്പെടുന്ന മുറക്ക് അവ സമയബന്ധിതമായി അടക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.ദേശീയപാതയിലെ അറ്റകുറ്റപണികള്‍ സംബന്ധിച്ച് കളക്ട്രേറ്റില്‍ അഡ്വ. കെ. രാജന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍നടന്ന യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്. ഇതുവരെ ഈ ഭാഗങ്ങളിലായി 52 പേര്‍ മരിച്ച സാഹചര്യത്തില്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ക്കും കമ്പനിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അഡ്വ. കെ. രാജന്‍ എം.എല്‍.എ പറഞ്ഞു.
ദേശീയപാതവിഭാഗം ഉദ്യോഗസ്ഥന്‍്റെ മേല്‍നോട്ടത്തിലാണ് അടിയന്തരമായി കുഴികള്‍ അടയ്ക്കേണ്ടത്. ദേശീയപാതയില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ വാഹനങ്ങള്‍ തത്സമയം നീക്കംചെയ്യാന്‍ റിക്കവറി വാനുകള്‍ കെ.എം.സി ഇന്നുമുതല്‍ എര്‍പ്പെടുത്തണം. അപകടസാധ്യതാ സ്ഥലങ്ങളില്‍ വാഹനഗതാഗതം നിയന്ത്രിക്കാന്‍ പോലീസിന്‍റെ നേതൃത്വത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. വാഹനവേഗത നിയന്ത്രിക്കാനുള്ള ബോര്‍ഡുകളും കെ.എം.സി എര്‍പ്പെടുത്തണം. റോഡിന്‍്റെ അറ്റകുറ്റപണിക്കായുള്ള ദേശീയപാതാ അതോറിറ്റിയുടെ രണ്ടേ മുക്കാല്‍ കോടിയുടെ കരാര്‍ പണികള്‍ 14 ദിവസത്തിനുള്ളില്‍ തുടങ്ങണമെന്നും കമ്പനിയുടെ ചെയര്‍മാനോ, മാനേജിംഗ് ഡയറക്ടറോ രണ്ട് ദിവസത്തിനുള്ളില്‍ നേരിട്ട് ഹാജരാകണമെന്നും കളക്ടര്‍ ടി.വി.അനുപമ നിര്‍ദേശം നല്‍കി. എസിപി വി.കെ. രാജു, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.