മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സംഘടിപ്പിക്കുന്ന ‘നിയുക്തി 2021’ മെഗാ തൊഴില്‍ മേള ഡിസംബര്‍ 22ന് മേല്‍മുറി ആലത്തൂര്‍ പടിയിലുള്ള മഅ്ദിന്‍ പോളിടെക്‌നിക് ക്യാമ്പസില്‍ നടക്കും. വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി രാവിലെ ഒന്‍പതിന് തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും. മേളയില്‍ അറുപതില്‍ പരം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തില്‍പരം ഒഴിവുകളിലേക്ക് ആകര്‍ഷകമായ ശമ്പളത്തോടു കൂടി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കും. പോളിടെക്‌നിക്ക് ക്യാമ്പസില്‍ എല്ലാ സൗകര്യങ്ങളോടും കൂടി സൗജന്യമായി സംഘടിപ്പിക്കുന്ന മേളയില്‍ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് യോഗ്യതക്കും താത്പര്യത്തിനും അനുസരിച്ചുള്ള ജോലി തെരഞ്ഞെടുക്കാം. ഏഴാംതരം യോഗ്യതയുള്ളവര്‍ മുതല്‍ ബിരുദാനന്തരബിരുദം യോഗ്യത വരെയുള്ളവര്‍ക്കും പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്കും ഐ.ടി.ഐ പോളിടെക്‌നിക് പാരാമെഡിക്കല്‍ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കും നിരവധി അവസരങ്ങളാണ് ജോബ് ഫെസ്റ്റില്‍ ഒരുക്കിയിട്ടുള്ളത്. ഡിസംബര്‍ 21ന് മൂന്നിനകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ മേളയില്‍ അവസരം ലഭിക്കുകയുള്ളൂ. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.jobfest.kerala.gov.inല്‍ രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനത്ത് മൂന്ന് മേഖലകളിലായി നടത്തിവന്നിരുന്ന തൊഴില്‍ മേള ഈ വര്‍ഷം പതിനാല് ജില്ലകളിലും നടത്തുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ സാധ്യതയേറുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഈ അവസരം എല്ലാ ഉദ്യോഗാര്‍ഥികളും രക്ഷിതാക്കളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0483 2734737, 8078428570.