ഭ്രൂണാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്‌നങ്ങൾ കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനങ്ങൾ മുഴുവൻ മെഡിക്കൽ കോളേജുകളിലും തുടങ്ങുമെന്ന് സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. ഭിന്നശേഷി വിഭാഗത്തിന് സേവനം വാതിൽ പടിക്കലെത്തിക്കുന്നതിനുള്ള പരിമിതികളെ മറികടക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും മന്ത്രി.

‘ഭിന്നശേഷിക്കാര്‍ക്കുള്ള തെറാപ്പി സേവനം വീട്ടുപടിയ്ക്കല്‍ ലഭ്യമാക്കുന്ന റീഹാബ് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൃശൂര്‍ കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷനും (നിപ്മർ ) സാമൂഹ്യസുരക്ഷാമിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ളോര്‍ എസി ബസാണ് റിഹാബ് എക്‌സ്പ്രസായി ഒരുക്കിയിരിക്കുന്നത്. ഫിസിയോതെറാപ്പി, ഒക്യുപേഷനല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, പ്രോസ്‌തെറ്റിക് അസസ്‌മെന്റ് ഉള്‍പ്പടെയുള്ള ചികിത്സാ സേവനങ്ങളാണ് റിഹാബ് എക്‌സ്പ്രസില്‍ ഒരുക്കിയിരിക്കുന്നത്. ഡോക്ടര്‍മാരും വിവിധ തെറാപ്പിസ്റ്റുകളും അടങ്ങുന്ന വിദഗ്ദ സംഘത്തിന്റെ സേവനം റീഹാബ് എക്‌സ്പ്രസിലുണ്ടാകും.

തെറാപ്പി സൗകര്യമില്ലാത്ത മേഖലകളിലാണ് റിഹാബ് എക്‌സ്പ്രസ് ക്യാംപ് ചെയ്യുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ സുരക്ഷാ മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജർ എസ് സഹിറുദ്ദീൻ പദ്ധതി വിശദീകരിച്ചു.