നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ പ്രവാസി സംഘടനകളുടെ യോഗം ചേര്‍ന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വായ്പയെടുത്ത് സംരംഭം പാതി വഴിയില്‍ നിന്നു പോയ പ്രവാസി സംരംഭകര്‍ക്കായി അദാലത്ത് സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോര്‍ക്കയുടെ പ്രവര്‍ത്തനം വേഗത്തിലാക്കും. ബാങ്കുകള്‍ വഴിയുള്ള വായ്പങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ശ്രമിക്കും. നോര്‍ക്ക ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. യോഗത്തില്‍ പ്രവാസികള്‍ക്കായി ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കഴിയുന്നതും നടപ്പിലാക്കുമെന്നും പി.ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസികള്‍ക്കായി നടപ്പാക്കുന്ന സാന്ത്വന പദ്ധതിയെ കുറിച്ച് വിശദമാക്കാനും അപേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് യോഗം സംഘടിപ്പിച്ചത്. കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സെന്റര്‍ മാനേജര്‍ ടി. അനീഷ് യോഗത്തില്‍ അധ്യക്ഷനായി. കോഴിക്കോട് നോര്‍ക്ക റൂട്ട് സിലെ ഉദ്യോഗസ്ഥന്‍ കെ.ബാബുരാജ് സാന്ത്വനം പദ്ധതി വിശദീകരിച്ചു. നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗസ്ഥ പി.രജനി, വിവിധ പ്രവാസി സംഘടനകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.