രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കൊച്ചിയിൽ ഊഷ്മള സ്വീകരണം. കണ്ണൂരിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്നലെ(21) വൈകിട്ട് 6.10 ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ സംസ്ഥാന സർക്കാരിനു വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, മേയർ അഡ്വ.എം.അനിൽകുമാർ, കെ.ജെ മാക്സി എംഎൽഎ, വൈസ് അഡ്മിറൽ എം.എ ഹമ്പി ഹോളി, സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക്, കോസ്റ്റ് ഗാർഡ് ഡി ഐ ജി എൻ.രവി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ബി.സുനിൽ കുമാർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരുമുണ്ടായിരുന്നു.
കൊച്ചി താജ് മലബാര്‍ റിസോര്‍ട്ടിലാണ് രാഷ്ട്രപതിക്കും കുടുംബാംഗങ്ങൾക്കും താമസമൊരുക്കിയിരിക്കുന്നത്.
ഇന്ന് (22) രാവിലെ 9.50 മുതല്‍ കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ നാവിക സേനയുടെ ഓപ്പറേഷനല്‍ ഡെമോന്‍സ്‌ട്രേഷന്‍ രാഷ്ട്രപതി വീക്ഷിക്കും. 11.30ന് വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് താജ് മലബാറിലേക്ക്.
23ന് രാവിലെ 10.20ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. അവിടെ വിവിധ പരിപാടികള്‍ക്കുശേഷം 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് മടങ്ങും.