പി ടി തോമസിന്റെ  നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകൾ മുൻ നിർത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങൾ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പർലിമെൻറേറിയനെയാണ് പി ടി തോമസിന്റെ  വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഗവർണർ അനുശോചിച്ചു

തൃക്കാക്കര എം എൽ എ പി.ടി. തോമസിന്റെ നിര്യാണത്തിൽ ഗവർണർ അരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. ‘ഊർജസ്വലതയും അർപ്പണബോധവുമുള്ള സാമാജികനായും പാർലമെന്റേറിയനായും വലിയ  ജനപ്രീതി നേടിയ വ്യക്തിയായിരുന്നു പി.ടി തോമസ്. പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായി അദ്ദേഹത്തിന്റെ  നിലപാട് എന്നും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടും നിയോജകമണ്ഡലത്തിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ അത്മാവിന് നിത്യശാന്തി നേരുന്നു”, ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഗതാഗത മന്ത്രി അനുശോചിച്ചു

തൃക്കാക്കര എംഎൽഎ  പി.ടി. തോമസിന്റെ അകാല  നിര്യാണത്തിൽ മന്ത്രി ആന്റണി രാജു അഗാധ ദുഃഖം രേഖപ്പെടുത്തി. വിദ്യാർത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം എംപിയും എംഎൽഎയും എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചു. ഇടപെടുന്ന എല്ലാവരോടും മാന്യമായി പെരുമാറുന്ന ഏറ്റെടുക്കുന്ന എല്ലാ കാര്യവും ഉത്തരവാദിത്വത്തോടുകൂടി ചെയ്യുന്ന ഒരു ഉത്തമ പൊതുപ്രവർത്തകനായിരുന്നു. രാഷ്ട്രീയത്തിൽ വിവിധ ചേരികളിലുള്ളവരോടും ആത്മാർത്ഥമായ സൗഹൃദം കാത്തുസൂക്ഷിക്കുവാൻ  അദ്ദേഹത്തിനായി. പരിസ്ഥിതിയെ ആത്മാർത്ഥമായി സ്‌നേഹിച്ച അദ്ദേഹം സാംസ്‌കാരിക മണ്ഡലത്തിലും സ്വന്തമായ വ്യക്തിമുദ്രപതിപ്പിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു.

പി.ടി.  തോമസിന്റെ നിര്യാണത്തിൽ മന്ത്രി വീണാ ജോർജ് അനുശോചിച്ചു

തൃക്കാക്കര എംഎൽഎ പി.ടി. തോമസിന്റെ നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി. പി.ടി. തോമസിന്റെ സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്ക് ചേരുന്നു. സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറയുകയും വ്യത്യസ്തമായ നിലപാടുകൾ ആ അഭിപ്രായത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.

ഭക്ഷ്യ മന്ത്രി അനുശോചിച്ചു

പി.ടി തോമസ് എം.എൽ.എ യുടെ നിര്യാണത്തിൽ ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അനുശോചിച്ചു.  മികച്ച പാർലമെന്റേറിയൻ, നിയമസഭ സാമാജികൻ, വാഗ്മി, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പി.ടി തോമസിന്റെ സംഭാവനകൾ കേരളീയ സമൂഹം എന്നും ഓർമ്മിക്കും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

അനുശോചിച്ചു

പി ടി തോമസ് എം.എൽ.എയുടെ അകാല നിര്യാണത്തിൽ നിയമസഭാ പബ്ലിക് കമ്മിറ്റി (പി.എ.സി) യുടെ യോഗം അനുശോചനം രേഖപ്പെടുത്തി. എം.എൽ.എ.മാരായ സണ്ണി ജോസഫ്, മാത്യു ടി തോമസ്, പി എസ് സുപാൽ, എ എൻ ഷംസീർ, തോമസ് കെ തോമസ് എന്നിവർ യോഗത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു.