• പഞ്ചായത്തിനെ കേരഗ്രാമം പദ്ധതിക്കായി തിരഞ്ഞെടുത്തു
കൊച്ചി: സംസ്ഥാനത്തുടനീളം കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയിലേക്ക് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ പായിപ്ര ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തതായി എല്‍ദോ എബ്രഹാം എം.എല്‍. എ അറിയിച്ചു. സംസ്ഥാനത്തെ നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് കേരഗ്രാമം പദ്ധതി. 74 നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി 50.17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
         രോഗബാധിതരായ തെങ്ങുകള്‍ വെട്ടി പുതിയ തെങ്ങിന്‍ തൈകള്‍ നടുന്നത് അടക്കമുള്ള സംയോജിത കൃഷി പരിപാലനം, കിണര്‍, മോട്ടോര്‍, ലിഫ്റ്റ് ഇറിഗേഷന്‍ പ്രോജക്ടുകള്‍ അടക്കമുള്ള ജലസേചനപദ്ധതികള്‍, യന്ത്രങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും എന്നിവയാണ് കേരഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കൃഷി ഓഫീസര്‍ കണ്‍വീനറുമായി രൂപീകരിക്കുന്ന പഞ്ചായത്തുതല ടെക്‌നിക്കല്‍ റിസോഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നിര്‍വഹിക്കുക. പഞ്ചായത്ത് കര്‍ഷക സമിതിയും വാര്‍ഡ് തല കേരസമിതിയും രൂപീകരിക്കും. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പായിപ്ര പഞ്ചായത്തും, പിറവം നിയോജക മണ്ഡലത്തിലെ മണീട് പഞ്ചായത്തും, കൂത്താട്ടുകുളം നഗരസഭയും, അങ്കമാലി നിയോജകമണ്ഡലത്തിലെ മലയാറ്റൂര്‍ പഞ്ചായത്തുമാണ് കേരഗ്രാമം പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. 250 ഹെക്ടര്‍ സ്ഥലത്ത് 43,750 തെങ്ങുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ തെങ്ങുകള്‍ ഉണ്ടായിരുന്ന പഞ്ചായത്തുകളില്‍ ഒന്നായിരുന്നു പായിപ്ര. എന്നാല്‍ റബ്ബര്‍ പോലുള്ള കൃഷികളുടെ കടന്നുവരവ് തെങ്ങ്കൃഷിയെ പിന്നോട്ട് നയിച്ചു. തെങ്ങുകൃഷിയുടെ പ്രതാപം വീണ്ടെടുക്കാന്‍ കേരഗ്രാമം പദ്ധതിയിലൂടെ സാധിക്കും.
പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് പായിപ്ര പഞ്ചായത്ത് ഹാളില്‍ നടന്ന ആലോചനാ യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആലിസ് കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പായിപ്ര കൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലിന്‍സി സേവിയര്‍, കേരഗ്രാമം പദ്ധതി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മോഹനന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എസ്. അനില്‍, സൈനബ സലിം, സുറുമി ഉമ്മര്‍, ഒ.കെ.മോഹനന്‍, മാത്യു വര്‍ക്കി, പി.എ.ബഷീര്‍, വി.എച്ച് ഷഫീഖ് എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന കേരഗ്രാമം പദ്ധതിയുടെ ആലോചനാ യോഗം.