കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിന്റെ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മാണത്തിനു മുന്നോടിയായുള്ള നിലമൊരുക്കല്‍ ജോലികള്‍  ഓഗസ്റ്റ് 15 നു മുന്‍പ് ആരംഭിക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. 8.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ എട്ട് നിലകളിലായി നിര്‍മ്മിക്കുന്ന പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 285.31 കോടി രൂപയാണ് കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്നത്. ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ചിരിക്കുകയാണ്. 683 ബെഡുകളും 14 ഓപ്പറേഷന്‍ തിയേറ്ററുകളുമാണ് പുതിയ ബ്ലോക്കിലുണ്ടാകുക. കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയോതൊറാസിക് സര്‍ജറി, ന്യൂറോളജി ആന്‍ഡ് ന്യൂറോ സര്‍ജറി, ഗ്യാസ്‌ട്രോ എന്‍ട്രോളജി ആന്‍ഡ് ഗ്യാസ്‌ട്രോ സര്‍ജറി, യൂറോളജി ആന്‍ഡ് നെഫ്രോളജി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, ഡെന്റല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി എന്നിങ്ങനെ ഒന്‍പത് പ്രധാന വിഭാഗങ്ങളാണ് പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുക.
സര്‍വ്വ സജ്ജീകരണങ്ങളുമുള്ള ക്യാഷ്വാലിറ്റി, ലബോറട്ടറി, ഫാര്‍മസി, സ്റ്റോര്‍ എന്നിവയുണ്ടാകും. ഡയറ്റ് കിച്ചന്‍, സിഎസ്എസ്ഡി (സെന്‍ട്രല്‍ സ്‌റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റ്), പവര്‍ ലോണ്‍ട്രി, മെഡിക്കല്‍ ഗ്യാസ് സംവിധാനം, ന്യൂമാറ്റിക് ട്യൂബ് സംവിധാനം എന്നിവയും ക്രമീകരിക്കും.
മഴവെള്ള സംഭരണം, മഴവെള്ളം പുനരുപയോഗം തുടങ്ങിയ പരസ്ഥിതി സൗഹാര്‍ദ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടാകും. 300 കെ.വി. സോളാര്‍ പ്ലാന്റ്, 550 കെഎല്‍ഡി എസ്ടിപി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, കാല്‍നടക്കാര്‍ക്കുള്ള റാംപ്, എസി പ്ലാന്റ്, പൂന്തോട്ടം എന്നിവയും ക്രമീകരിക്കും. കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ പൂര്‍ണ്ണ പവര്‍ ബാക്ക്അപ്പും വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ടാകും.
സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണ്ണയ അതോറിറ്റിയുടെ പാരിസ്ഥിതിക അനുമതി നേരത്തേ പദ്ധതിക്ക് ലഭിച്ചിരുന്നു. നഗരസഭയുടെ കെട്ടിട നിര്‍മ്മാണത്തിനുള്ള എന്‍ഒസിയും ലഭിച്ചു കഴിഞ്ഞു.
സിവില്‍ ജോലികള്‍ക്കായി മെയ് മാസത്തിലാണ് ടെന്‍ഡര്‍ നടപടികളാരംഭിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. മെഡിക്കല്‍ സാമഗ്രികളും മറ്റു സൗകര്യങ്ങളുമൊരുക്കുന്നതിന് ആറുമാസം കൂടി സമയം എടുക്കും. 2021 മാര്‍ച്ച്  30 ന് പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.