ദേശീയ പട്ടികജാതി കമ്മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചു സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ജനവിഭാഗങ്ങൾക്കിടയിൽ ബോധവത്കരണം അനിവാര്യമാണെന്നു കമ്മിഷൻ വൈസ് ചെയർമാൻ അരുൺ ഹാൽഡെർ. രാജ്യത്തെ പട്ടികജാതി വിഭാഗങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാൻ കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഏകദിന സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

പട്ടികജാതി വിഭാഗങ്ങളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും ഭരണഘടനയുടെ 338-ാം അനുച്ഛേദം കമ്മിഷനു ശക്തമായ അധികാരങ്ങളാണു നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അധികാരങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കപ്പെടുന്നതിന് ജനങ്ങളുടെ പൂർണ പിന്തുണ ആവശ്യമാണ്. പരാതികൾ കൃത്യമായി കമ്മിഷനിലെത്തിക്കാൻ പ്രത്യേക ശ്രദ്ധയുണ്ടാകണം. വെള്ള പേപ്പറിൽ ഒരു പരാതി എഴുതി നൽകിയാൽ കമ്മിഷൻ നിശ്ചയമായും ശക്തമായ അന്വേഷണം നടത്തും.

ഉന്നയിക്കുന്ന പരാതികളിൽ കഴമ്പുണ്ടെന്നു കണ്ടാൽ അറസ്റ്റ് അടക്കമുള്ള ശക്തമായ നടപടിയെടുക്കാൻ കമ്മിഷന് അധികാരമുണ്ട്. ഭൂപ്രശ്നങ്ങൾ, ക്രിമിനൽ കേസുകൾ തുടങ്ങിയവയും ജീവനക്കാരുമായി ബന്ധപ്പെട്ട കേസുകളുമാണു കേരളത്തിൽ അധികമുള്ളതെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ ശക്തമായ നടപടിയുണ്ടാകണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി ചേർന്നു പ്രവർത്തിക്കും. കേസുകളിൽ അതിവേഗത്തിൽ തീരുമാനമുണ്ടാകണം. പട്ടികജാതിക്കാർക്കായുള്ള ഫണ്ട് ദുരുപയോഗം തടയുന്നതിനും ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.