കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ പുതുവർഷത്തോടനുബന്ധിച്ച് പ്രത്യേക ന്യൂ ഇയർ ആഘോഷരാവ് സംഘടിപ്പിക്കുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ.ഉബൈദ് അറിയിച്ചു. ബസ് ഓൺ ഡിമാൻ്റ് (ബോണ്ട് ), നാട്ടിൻപുറം ബൈ ആനപ്പുറം, ഉല്ലാസയാത്ര എന്നിവയ്ക്കുശേഷമുള്ള കെ.എസ്. ആർ. ടി. സിയുടെ പുതിയ സംരംഭമാണിത്.
പാലക്കാട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിന്നുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാം. കൊച്ചി ബോൾഗാട്ടിയിൽ കെ.എസ്.ഐ.എൻ.സി നെഫർറ്റിറ്റി ക്രൂയിസിൽ ജനുവരി ഒന്നിന് രാത്രി എട്ടുമുതൽ പുലർച്ചെ ഒന്ന് വരെ അഞ്ച് മണിക്കൂർ നേരത്തേയ്ക്കാണ് ആഘോഷ പരിപാടികൾ. രാത്രി ഏഴു മുതൽ കപ്പലിലേക്ക് കയറുന്നതിനായുള്ള പരിശോധന ആരംഭിക്കും. 11 വയസിനും അതിന് മുകളിലും പ്രായമുള്ളവർക്ക് 3499 രൂപ, അഞ്ചിനും 10 നും ഇടയിൽ പ്രായമുള്ളവർക്ക് 1999 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. പാലക്കാട് ജില്ലയിൽ നിന്നും 39 പേർക്ക് പങ്കെടുക്കാം. എ.സി ബസിൽ ജനുവരി ഒന്നിന് ഉച്ചയ്ക്ക് 1.30 ന് യാത്ര തിരിക്കും.
ആഘോഷ പരിപാടികൾക്ക് ശേഷം അതേ ബസിൽ പാലക്കാട് തിരിച്ചെത്തിക്കും.
ആഘോഷ രാവിൽ രണ്ട് ഘട്ടങ്ങളിലായി തത്സമയ പ്രകടനങ്ങൾ നടക്കും. ഡിസ്കോ – ജോക്കി കോമ്പോ, രസകരമായ ഗെയിമുകൾ, സംഗീതം, നൃത്തം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഓരോ ടിക്കറ്റിനും ബുഫെ ഡിന്നർ ഏർപ്പാടാക്കും. കുട്ടികൾക്കായി കളിസ്ഥലവും തിയേറ്ററും ഉണ്ടായിരിക്കും. പുറത്തു നിന്നു കൊണ്ടുവരുന്ന മദ്യം ക്രൂയിസിനുള്ളിൽ അനുവദിക്കില്ല.
അധിക മദ്യപാനം ഉള്ള യാത്രക്കാർക്ക് പ്രവേശനം പൂർണമായും നിയന്ത്രിക്കും. നിയമവിരുദ്ധമായ വസ്തുക്കളും പുകവലിയും പരിപാടിയിൽ കർശനമായി നിരോധിക്കുമെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 8714062425, 9447152425 നമ്പറുകളിൽ ബന്ധപ്പെടാം.